ഹംഗറിയില്‍ നാലു മക്കളുള്ള അമ്മമാര്‍ക്ക് ആദായ നികുതി വേണ്ട

ഹംഗറിയില്‍ നാലു മക്കളുള്ള അമ്മമാര്‍ക്ക് ആദായ നികുതി വേണ്ട

നാലോ അതിലധികമോ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ആയുഷ്കാലം മുഴുവന്‍ ആദായ നികുതിയില്‍നിന്ന് ഒഴിവു നല്‍കുമെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ പ്രഖ്യാപിച്ചു. വലിയ കുടുംബങ്ങള്‍ക്കു വാഹനങ്ങള്‍ വാങ്ങുന്നതിനും പ്രസവത്തോടനുബന്ധിച്ച അവധികള്‍ കുഞ്ഞുങ്ങളുടെ മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കു കൂടി അനുവദിക്കുന്നതിനും പകലുകളിലെ ശിശുപരിപാലനകേന്ദ്രങ്ങളുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കുടുംബങ്ങള്‍ക്കു കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹംഗറിയില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍, കൂടുതല്‍ മക്കള്‍ക്കു ജന്മമേകാന്‍ മാതാപിതാക്കളെയും കുടുംബങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. 2017-ല്‍ 94,000 കുഞ്ഞുങ്ങളാണു ജനിച്ചത്. ആ വര്‍ഷം ഉണ്ടായ മരണങ്ങളാകട്ടെ 1,31,900 ആയിരുന്നു. ജനസംഖ്യ കുറയാതെ നില്‍ക്കണമെങ്കില്‍ ഒരു സ്ത്രീക്ക് 2.1 എന്ന അനുപാതത്തില്‍ കുട്ടികളുണ്ടാകണമെന്നതാണു കണക്ക്. ഹംഗറിയില്‍ ഇത് ഒരു സ്ത്രീക്ക് 1.45 മാത്രമാണ് ഇപ്പോള്‍. ഹംഗറി ഇപ്പോള്‍ ഒരു ജനസംഖ്യാപ്രതിസന്ധിയെ നേരിടുന്നുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. യുവമനുഷ്യശേഷി കുത്തനെ കുറയുന്നു. ധാരാളം ഹംഗേറിയന്‍ യുവജനങ്ങള്‍ മെച്ചപ്പെട്ട തൊഴില്‍ തേടി മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറുന്നു. പകരം മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഹം ഗറിയിലേക്കു സ്വീകരിച്ചുകൊണ്ടല്ല ഈ പ്രതിസന്ധി പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. 'ഹംഗേറിയന്‍ കുട്ടികളുടെ' എണ്ണം കൂട്ടുക മാത്രമാണു പോംവഴി – പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാല്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക അത്ര എളുപ്പമല്ലെന്നു ഹംഗേറിയന്‍ കു ടുംബകാര്യമന്ത്രി കാറ്റലിന്‍ നോവാക് പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കു ജന്മമേകാന്‍ കഴിയുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണവും കുത്തനെ കുറഞ്ഞു വരികയാണ് എന്നതാണു ഇതിനു കാരണം. ഈ പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 20 ശതമാനം കുറയും. ഒരു ദശകം കൊണ്ട് ജനനനിരക്ക് 2.1 ല്‍ എത്തിക്കുക എന്നതാണ് ഹംഗറിയുടെ ലക്ഷ്യം.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ജനനനിരക്ക് 2.1 നു താഴേയ്ക്കു പോയിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും കൂടുതല്‍ മക്കളെ ജനിപ്പിക്കുന്ന ദമ്പതിമാര്‍ക്കു പലതരം പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org