മാര്‍ ജയിംസ് അത്തിക്കളം സാഗറിലും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇടുക്കിയിലും മെത്രാന്മാര്‍

മാര്‍ ജയിംസ് അത്തിക്കളം സാഗറിലും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇടുക്കിയിലും മെത്രാന്മാര്‍

സീറോ മലബാര്‍ സഭയുടെ മധ്യപ്രദേശിലെ സാഗര്‍ രൂപതയ്ക്കും കേരളത്തിലെ ഇടുക്കി രൂപതയ്ക്കും പുതിയ ഇടയന്മാര്‍ നിയമിക്കപ്പെട്ടു. സാഗര്‍ രൂപതയുടെ മെത്രാനായി ഫാ. ജയിംസ് അത്തിക്കളം MSTയും   ഇടുക്കി രൂപതാ മെത്രാനായി ഫാ. ജോണ്‍ നെല്ലിക്കുന്നേലും നിയമിതരായി.

ഇടുക്കി രൂപതാംഗമായ ഫാ. ജോണ്‍ നെല്ലിക്കുന്നേല്‍ വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്ത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1998 ഡിസംബര്‍ 30-ന് പുരോഹിതനായി അഭിഷിക്തനായി. തുടര്‍ന്ന് വിവിധ ഇടവകകളില്‍ അസി. വികാരിയായി സേവനം ചെയ്തതിന് ശേഷം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും തത്ത്വശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും സെന്‍റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇടുക്കിരൂപതാ ചാന്‍സലറും ബിഷപ്പിന്‍റെ സെക്രട്ടറിയുമായി സേവനം ചെയ്തു. ഇതേസമയം രൂപതാ മതബോധന വിഭാഗത്തിന്‍റെയും ബൈബിള്‍ അപ്പസ്റ്റോലേറ്റിന്‍റേയും ഡയറക്ടറായും സേവനം ചെയ്തു. 2010-ല്‍ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ റെസിഡന്‍റ് അദ്ധ്യാപകനായി നിയമിക്കപ്പെട്ട നിയുക്ത ബിഷപ്പ് സെമിനാരി പ്രൊക്യൂറേറ്ററായും പിന്നീട് ഫിലോസഫി ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഡീന്‍ ആയും സേവനം ചെയ്തു. ഇപ്പോള്‍ ഇടുക്കി രൂപതയുടെ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍റെ സെക്രട്ടറിയായി സേവനം ചെയ്തുവരികെയാണ് ഇടുക്കി രൂപതയുടെ പുതിയ ബിഷപ്പായുള്ള നിയമനം ലഭിച്ചിരിക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജയിംസ് അത്തിക്കളം പൂനമല്ലി സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ തത്ത്വശാസ്ത്ര പഠനവും മംഗലാപുരം സെന്‍റ് ജോസഫ് സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1984 മാര്‍ച്ച് 22-ന് പുരോഹിതനായി അഭിഷിക്തനായി. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എം.എ. ബിരുദവും ജറുസലേമില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും തുടര്‍ന്ന് റോമിലെ അഗസ്റ്റീനിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പട്രോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ഉജ്ജൈന്‍ രൂപതാ മൈനര്‍ സെമിനാരിയില്‍ അദ്ധ്യാപകനായും ഫൈനാന്‍സ് ഓഫീസറായും, MST സമൂഹത്തിന്‍റെ മൈനര്‍ സെമിനാരിയില്‍ അദ്ധ്യാപകനായും സേവനം ചെയ്ത നിയുക്ത ബിഷപ് തുടര്‍ന്ന് മാണ്ഡ്യ ജീവന്‍ ജ്യോതിയില്‍ മിഷനറി ഓറിയന്‍റേഷന്‍ കോഴ്സിന്‍റെ ഡയറക്ടറായും റൂഹാലയ മേജര്‍ സെമിനാരിയില്‍ പട്രോളജി പ്രോഫസറായും പിന്നീട് അവിടെ റെക്ടറായും സേവനം ചെയ്തു. തുടര്‍ന്ന് MST സമൂഹത്തിന്‍റെ ഡിറക്ടര്‍ ജനറലായി സേവനം ചെയ്തതിനുശേഷം ഭോപ്പാലിലുള്ള നിര്‍മ്മല്‍ ജ്യോതി മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഡയറക്ടറായും ഭോപ്പാലിലെ സീറോമലബാര്‍ വിശ്വാസി സമൂഹത്തിന്‍റെ പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്ജ് ആയും സെന്‍ട്രല്‍ ഇന്ത്യ സീറോ മലബാര്‍ കോഓര്‍ഡിനേറ്ററായും സേവനം ചെയ്തു വരികെയാണ് സാഗര്‍ രൂപതയുടെ പുതിയ ബിഷപ്പായി നിയമിതനായിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org