2020 ല്‍ കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷണറിമാര്‍

2020 ല്‍ കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷണറിമാര്‍
2020 ജനുവരി 12 ന് ദക്ഷിണാഫ്രിക്കയിലെ മഹിക്കെങ്ങിനടുത്തുള്ള ഒരു ഇടവകയിൽ നടന്ന കവർച്ചയിൽ ഒബ്ലേറ്റ് പിതാവ് ജോസെഫ് ഹോളണ്ടേഴ്‌സ് കൊല്ലപ്പെട്ടു. 2020 ൽ ലോകമെമ്പാടും കൊല്ലപ്പെട്ട 20 കത്തോലിക്കാ മിഷനറിമാരിൽ ഒരാളാണ് അദ്ദേഹം.

2020 ഡിസംബര്‍ 30 വരെ ലോകമെങ്ങുമായി ആകെ 20 കത്തോലിക്കാ മിഷണറിമാര്‍ കൊല്ലപ്പെട്ടു. എട്ടു വൈദികരും മൂന്നു കന്യാസ്ത്രീകളും ഒരു സന്യാസിയും രണ്ടു സെമിനാരി വിദ്യാര്‍ത്ഥികളും ആറ് അല്മായരുമാണ് സഭാപ്രവര്‍ത്തനങ്ങള്‍ക്കിടെ രക്തസാക്ഷിത്വം വരിച്ചത്. ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ വന്‍കരയിലാണ്. അഞ്ചു വൈദികരും മൂന്ന് അല്മായരുമാണ് ലാറ്റിനമേരിക്കയില്‍ കൊല്ലപ്പെട്ടത്. ആഫ്രിക്കയില്‍ ഒരു വൈദികനും മുന്നു വനിതാ സന്യസ്തരും ഒരു സെമിനാരി വിദ്യാര്‍ത്ഥിയും രണ്ട് അല്മായരും ജീവന്‍ വെടിഞ്ഞു.
2019 ലേക്കാള്‍ കുറവാണ് 2020 ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം. 2019 ല്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2018 ല്‍ 40 മിഷണറിമാരും 2017 ല്‍ 23 മിഷണറിമാരുമാണു കൊല്ലപ്പെട്ടത്. വളരെ ലളിതവും സാധാരണവുമായ ജീവിതം നയിച്ചിരുന്നവരാണു കൊല്ലപ്പെട്ടവരില്‍ പലരുമെന്നും മനുഷ്യാവകാശസംരക്ഷണത്തില്‍ ഭരണകൂടങ്ങള്‍ക്കുണ്ടാകുന്ന പരാജയമാണ് ഈ കൊലപാതകങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് പുറത്തുവിട്ട വത്തിക്കാന്‍ മിഷന്‍ വാര്‍ത്താ ഏജന്‍സിയായ ഫിദെസ് അഭിപ്രായപ്പെട്ടു.
രക്തസാക്ഷികളില്‍ എടുത്തു പറയാവുന്ന ഒരാള്‍ നൈജീരിയായിലെ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്ന മൈക്കിള്‍ നാദി ആണ്. തന്നെ ബന്ദിയാക്കിയ അക്രമികളോടു സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് 18 കാരനായ മൈക്കിള്‍ കൊല്ലപ്പെട്ടത്.
കോവിഡ് മൂലം മരിച്ച വൈദികരെ കുറിച്ചും ഫിദെസ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. യൂറോപ്പില്‍ മാത്രം കോവിഡ് മൂലം 400 ലേറെ വൈദികര്‍ മരിച്ചുവെന്നാണ് യൂറോപ്യന്‍ മെത്രാന്‍ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ കഴിഞ്ഞാല്‍ യൂറോപ്പില്‍ കോവിഡ് മൂലം ഏറ്റവുമധികം പേര്‍ മരണമടഞ്ഞ വിഭാഗം വൈദികരുടേതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org