ആദിവാസികളില്‍ അമ്പതുശതമാനവും ദാരിദ്ര്യത്തില്‍ തുടരുന്നു – സര്‍വേ

ആദിവാസികളില്‍ അമ്പതുശതമാനവും ദാരിദ്ര്യത്തില്‍ തുടരുന്നു – സര്‍വേ

ഇന്ത്യയിലെ ആദിവാസികളില്‍ പകുതിയോളം പേരും തീര്‍ത്തും ദരിദ്രമായ സാഹചര്യത്തിലാണ് കഴിയുന്നതെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ വ്യക്തമാക്കുന്നു. 104 ദശലക്ഷം ആദിവാസി ജനങ്ങളില്‍ പകുതിപേരുടെയും ജീവിത നിലവാരം പരിതാപകരമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദിവാസികളുടെയും മറ്റു പിന്നോക്ക ജനവിഭാഗങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി സര്‍ക്കാര്‍ ദശലക്ഷക്കണക്കിനു തുക ചെലവിടുന്ന പശ്ചാത്തലത്തിലാണ് ഇന്നും ദരിദ്രനാരായണന്മാരായി അവര്‍ കഴിയുന്നതെന്നതാണ് വൈരുധ്യം.

സര്‍വേയുടെ കണ്ടെത്തലുകള്‍ തങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആദിവാസി വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള കമ്മീഷന്‍ സെക്രട്ടറി ഫാ. നിക്കൊളസ് ബര്‍ല പറഞ്ഞു. 70 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ദശലക്ഷക്കണക്കിനു തുക ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് അവര്‍ ഇന്നും ദാരിദ്ര്യത്തില്‍ കഴിയുന്നതെന്നാണ് പ്രധാനപ്പെട്ട ചോദ്യം – ഫാ. നിക്കൊളസ് വിശദീകരിച്ചു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറിമാറി ഭരണം കയ്യാളിയ സര്‍ക്കാരുകള്‍ ആദിവാസികളുടെ വികസനത്തിനു വേണ്ടത്ര താത്പര്യം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു,

വികസനത്തിന്‍റെ പേരില്‍ ആദിവാസികള്‍ ചതിക്കപ്പെടുകയായിരുന്നു. വ്യാവസായിക ഖനനത്തിനും മറ്റുമായി ആദിവാസികളുടെ ഭൂമി സര്‍ക്കാരുകള്‍ കൈവശപ്പെടുത്തി. പ്രകൃതിയോടിണങ്ങി ജീവിച്ച ആദിവാസികള്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ നഷ്ടപ്പെട്ടു. പട്ടണങ്ങളിലെ ചേരികളില്‍ തൊഴിലില്ലാതെ പലരും അലയുകയാണ് – ഫാ. നിക്കൊളാസ് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്‍റെ അവസാന ബഡ്ജറ്റിലും ആദിവാസികളുടെ വിദ്യാഭ്യാസം, പുനരധിവാസം, അടിസ്ഥാന വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കായി വലിയ തുക വകയിരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഫണ്ടും പദ്ധതികളും ഉണ്ടെങ്കിലും ആദിവാസി സമൂഹം ദാരിദ്ര്യത്തില്‍ തുടരുകയാണ് – ഫാ. നിക്കൊളസ് പറഞ്ഞു.

ഭാരതത്തിന്‍റെ ഭരണഘടനയില്‍ ആധിവാസികളുടെ ക്ഷേമം ഉറപ്പാക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരും തയ്യാരാകുന്നില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിനുവേണ്ടി ശബ്ദിക്കുന്നില്ലെന്നും ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദിവാസികളുടെ പഠനത്തിനായുള്ള ഡിപ്പാര്‍ട്ടുമെന്‍റ് തലവന്‍ ഫാ. രഞ്ജിത്ത് ടിഗ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org