സഭാപ്രവര്‍ത്തനങ്ങളില്‍ അവസരവും ഇടങ്ങളും തേടി ഇന്ത്യന്‍ യുവത്വം

ജീവിക്കുന്ന വിശ്വാസത്തിന്‍റെ പ്രചോദകരായി സഭാനേതൃത്വം നിലകൊള്ളണമെന്നും ഭാരതത്തിലെ സഭാ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും ഇടങ്ങളും നല്‍കി സമൂഹത്തെ പടുത്തുയര്‍ത്താനും സഭയെ അനുഭവിക്കാനുമുള്ള സാഹചര്യം അവര്‍ക്കായി ഒരുക്കണമെന്നും വത്തിക്കാനില്‍ നടന്ന മെത്രാന്‍ സിനഡില്‍ ഇന്ത്യയില്‍ നിന്നുള്ള യുവാക്കള്‍ നിര്‍ദ്ദേശിച്ചു. യുവജനങ്ങള്‍, വിശ്വാസം, ദൈവവിളി വിവേചനം എന്ന വിഷയത്തില്‍ നടന്ന സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ച ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ് മെന്‍റ് (ഐസിവൈഎം) പ്രസിഡന്‍റ് പെര്‍സില്‍ ഹോള്‍ട്ടാണ് ഇക്കാര്യം സിനഡില്‍ സൂചിപ്പിച്ചത്.

ക്രിസ്തുവിനെ അറിയാനും അനുഭവിക്കാനും തനിക്കു വളരെ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. സഭയെ മനസ്സിലാക്കാനും ദൈവവിളി വിവേചിച്ചറിയാനും അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാതെ ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന നിര്‍ഭാഗ്യരായ അനേകം യുവജനങ്ങളുണ്ട് – പെര്‍സിവേല്‍ വിശദീകരിച്ചു.

ഇന്ന് അല്മായരെ അപേക്ഷിച്ചു പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നതില്‍ വൈദികരില്‍ പലരും പരാജയമാണ്. ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നവര്‍ എന്നതിനേക്കാള്‍ മികച്ച പരിജ്ഞാനം സിദ്ധിച്ച് വെല്ലുവിളികളെ അവധാനതയോടെ നേരിടാന്‍ കെല്പുള്ളവരും യുവാക്കളുടെ മനഃശാസ്ത്രം മനസ്സിലാക്കുന്നവരുമായിരിക്കണം വൈദികവൃത്തി തിരഞ്ഞെടുക്കുന്നവര്‍.

വെല്ലുവിളികളുടെ സാഹചര്യങ്ങളിലാണ് ഇന്ത്യന്‍ യുവത്വം ജീവിക്കുന്നത്. ജീവിത വിജയം നിര്‍ണയിക്കപ്പെടുന്നത് വിദ്യാഭ്യാസരംഗത്തെ തീവ്രമായ മത്സരത്തിലാണ്. ഇത് അനേകം യുവാക്കളെ നിരാശയി ലേക്കും വിഷാദങ്ങളിലേക്കും തള്ളിവിടുകയും അവര്‍ പലയിടങ്ങളിലേക്കും കുടിയേറുകയും ചെയ്യുന്നു. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയവും അഴിമതിയും മതസ്പര്‍ദ്ധയുമെല്ലാം ഈ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

ആശയക്കുഴപ്പങ്ങളുടെ ഇത്തരം സ്ഥിതിവിശേഷങ്ങളില്‍ ആധികാരികമായ വിശദീകരണങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ സഭയ്ക്കു കഴിയണം. സഭയില്‍ യുവാക്കള്‍ക്കായി കൂടുതല്‍ വേദികള്‍ തുറക്കപ്പെടണമെന്നും പെര്‍സില്‍ ഹോള്‍ട്ട് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org