ഭാരതയുവത്വം സഭയ്ക്കൊപ്പമെന്ന് സര്‍വേ

ഭാരത്തിലെ യുവജനങ്ങള്‍ സഭയെ സ്നേഹിക്കുകയും സഭയില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ചില സാമ്പത്തിക ക്രമക്കേടുകളും ലൈംഗിക അപവാദങ്ങളുമൊക്കെ സഭയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിലും സഭ തങ്ങളെ ശ്രവിക്കുന്നുണ്ടെന്നാണ് പൂന പേപ്പല്‍ സെമിനാരിയിലെ തത്ത്വശാസ്ത്ര വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം യുവജനങ്ങളും അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത ദക്ഷിണേന്ത്യയിലെ പകുതിയിലേറെ പേരും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ സഭയെ വിഷമിപ്പിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി.

26 സംസ്ഥാനങ്ങളില്‍ 11 വ്യത്യസ്ത ഭാഷകളില്‍പെട്ട 5300 യുവജനങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ മൂന്നിലൊന്നു പേരും തങ്ങള്‍ക്കു ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യബോധമോ ഉദ്ദേശ്യശുദ്ധിയോ ഇല്ലെന്നു വ്യക്തമാക്കുകയുണ്ടായി. യുവജനങ്ങളില്‍ വ്യക്തവും ശക്തവുമായ ലക്ഷ്യബോധവും ഉദ്ദേശശുദ്ധിയും അങ്കുരിപ്പിക്കാന്‍ വിദ്യാഭ്യാസത്തിനു വലിയ പങ്കുവഹിക്കാനുണ്ടെന്ന് സര്‍വേ കണ്ടെത്തി. എന്നാല്‍ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരില്‍ മൂന്നിലൊന്നിനും ജീവിത ലക്ഷ്യമേതുമില്ലെന്നാണ് സര്‍വേയില്‍ തെളിയുന്നത്. ഈ വിഷയം സഭ ഗൗരവതരമായി പരിചിന്തിക്കണമെന്നു സര്‍വേ സൂചിപ്പിക്കുന്നു.

സഭ തങ്ങളെ ശ്രവിക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. ആത്മീയ വളര്‍ച്ച, സാമഹ്യ സേവനം, വിശ്വാസ രൂപീകരണം എന്നിവയാണ് സഭയുടെ പ്രഥമ പരിഗണനകളാകേണ്ടതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. സഭ ഇന്നു നേരിടുന്ന മുഖ്യ പ്രശ്നങ്ങളായി യുവജനങ്ങള്‍ സൂചിപ്പിച്ചത് ലൈംഗിക അപവാദങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍, അല്മായരുടെ വിശ്വാസ ക്ഷയം എന്നിവയാണ്.

പൂന സെമിനാരിയിലെ ഫാ. ദിനേഷ് ബ്രഗന്‍സ, ഫാ. ഷിജു ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ 94 വിദ്യാര്‍ത്ഥികള്‍ മൂവായിരത്തോളം യുജനങ്ങളെ നേരില്‍ കണ്ടും രണ്ടായിരത്തിലധികം പേരെ ഓണ്‍ലൈനില്‍ പങ്കെടുപ്പിച്ചുമാണ് സര്‍വേ നടത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org