ഇന്ത്യയിലേയ്ക്കു ക്ഷണിച്ചില്ല; മാര്‍പാപ്പ നവംബറില്‍ ബംഗ്ലാദേശും മ്യാന്‍മാറും സന്ദര്‍ശിക്കും

ഇന്ത്യയിലേയ്ക്കു ക്ഷണിച്ചില്ല; മാര്‍പാപ്പ നവംബറില്‍ ബംഗ്ലാദേശും മ്യാന്‍മാറും സന്ദര്‍ശിക്കും
Published on

ഈ വര്‍ഷം നവംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മാറും ബംഗ്ലാദേശും സന്ദര്‍ശിക്കുന്ന വിവരം വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടാണ് ഈ ഏഷ്യന്‍ പര്യടനത്തില്‍ തീരുമാനമെടുക്കുന്നത് വത്തിക്കാന്‍ ഇതുവരെ വൈകിപ്പിച്ചത്. എന്നാല്‍ മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്കു ക്ഷണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്‍റ് താത്പര്യം കാണിച്ചില്ല എന്നാണു റിപ്പോര്‍ട്ട്. ഗവണ്‍മെന്‍റിന്‍റെ ക്ഷണമില്ലാതെ ഒരു രാഷ്ട്രത്തലവന്‍ കൂടിയായ മാര്‍പാപ്പയ്ക്ക് ഇന്ത്യയില്‍ വരാനാകില്ല. ബംഗ്ലാദേശ്, മ്യാന്‍മാര്‍ സര്‍ക്കാരുകള്‍ നേരത്തെ തന്നെ മാര്‍പാപ്പയെ ക്ഷണിച്ചിരുന്നു. ഇതില്‍ മ്യാന്‍മാറുമായി വത്തിക്കാന്‍ നയതന്ത്രബന്ധം സ്ഥാപിച്ചതു കഴിഞ്ഞ മേയ് മാസത്തില്‍ മാത്രമാണ്. ഇന്ത്യയാകട്ടെ ദീര്‍ഘകാലമായി വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാഷ്ട്രമാണ്.

ഇന്ത്യയിലെ ബിജെപി ഗവണ്‍മെന്‍റിന്‍റെ വര്‍ഗീയതയാണ് മാര്‍പാപ്പയെ ക്ഷണിക്കാതിരിക്കാന്‍ കാരണമായതെന്ന നിഗമനം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയേക്കാള്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളാണ് ബംഗ്ലാദേശും മ്യാന്‍ മാറും. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശിലെ 16.3 കോടി ജനങ്ങളില്‍ 4 ലക്ഷത്തോളം മാത്രമാണ് കത്തോലിക്കര്‍. 8 രൂപതകളുണ്ട്. ഒരു കാര്‍ഡിനല്‍ അടക്കം പത്തു മെത്രാന്മാരും. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ 51 ലക്ഷം ജനങ്ങളില്‍ 6.2 ശതമാനമാണ് ക്രൈസ്തവര്‍. 7 ലക്ഷം കത്തോലിക്കരുണ്ട്. 16 രൂപതകളും ഒരു കാര്‍ഡിനല്‍ ഉള്‍പ്പെടെ 29 മെത്രാന്മാരുമുണ്ട്.
ഏഷ്യന്‍ വന്‍കരയോടു പ്രത്യേകമായ കരുതല്‍ പ്രകടിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയാണ് 2015-ല്‍ ആദ്യമായി മ്യാന്‍മാറിലും 2016-ല്‍ ആദ്യമായി ബംഗ്ലാദേശിലും ഓരോരുത്തരെ കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. സ്ഥാനമേറ്റ ശേഷം മാര്‍പാപ്പയുടെ രണ്ടാമത്തെ അന്താരാഷ്ട്രയാത്ര ഏഷ്യയിലേയ്ക്കായിരുന്നു. 2014 ല്‍ അദ്ദേഹം ദക്ഷിണ കൊറിയയും 2015-ല്‍ ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനു മുന്നോടിയായ സുരക്ഷാകാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ വത്തിക്കാന്‍ പ്രതിനിധി സംഘം മ്യാന്‍മാറിലെത്തിക്കഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org