ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: ഇന്‍ഫാം

കര്‍ഷകര്‍ക്കും കൃഷിഭൂമിക്കും സംരക്ഷണവും ഉല്പന്നങ്ങളുടെ സംഭരണ സംസ്കരണവും ന്യായവിലയും ഉറപ്പാക്കി നടപടികളുമില്ലാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന കര്‍ഷക കൃഷി പ്രോത്സാഹന പ്രഖ്യാപനങ്ങളും പദ്ധതികളും പാക്കേജുകളും മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഓരോ കാലഘട്ടങ്ങളിലെ പ്രതിസന്ധികളിലും വാര്‍ഷിക ബജറ്റുകളിലും കര്‍ഷകര്‍ക്കായി കണ്ണീരൊഴുക്കി ആവേശം കാട്ടുന്നവര്‍ ഇതിനോടകം നല്‍കിയ വാഗ്ദാനങ്ങളും പാക്കേജുകളും പഴങ്കഥകളായി ഇന്നും നിലനില്‍ക്കുന്നു. കര്‍ഷകര്‍ക്കും കൃഷിഭൂമിക്കും കാര്‍ഷികവിളകള്‍ക്കും യാതൊരു സംരക്ഷണവുമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം അധഃപതിച്ചിരിക്കുന്നു. ഇതരവരുമാന മാര്‍ഗ്ഗങ്ങളുള്ളവര്‍ ടെറസിലും വീട്ടുമുറ്റത്തും പച്ചക്കറി കൃഷി ചെയ്താല്‍ കാര്‍ഷിക വിപ്ലവമായി എന്നു കൊട്ടിഘോഷിക്കുന്നത് അല്പത്തമാണ്. കര്‍ഷകരക്ഷയ്ക്കായി സര്‍ക്കാര്‍ രൂപീകരിച്ച കോര്‍പ്പറേഷനുകളും ബോര്‍ഡുകളും വകുപ്പുകളും ഉള്‍പ്പെടെ നൂറില്‍പരം സ്ഥാപനങ്ങളിലൂടെ കോടികള്‍ ചെലവഴിച്ചിട്ടും കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുന്നത് അധികാരത്തിലിരിക്കുന്ന ജനനേതാക്കള്‍ കാണാതെ പോകരുത്.

3860 കോടിയുടെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കേരളത്തില്‍ കൃഷി വളരുമെന്നത് ഉദ്യോഗസ്ഥഭാഷ്യം മാത്രമാണ്. പച്ചക്കറിയും പച്ചമുളകും കൃഷി ചെയ്തതുകൊണ്ടു മാത്രം കര്‍ഷകര്‍ക്ക് കുടുംബം പോറ്റാനാവില്ല. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ കാലാനുസൃതമായി പൊളിച്ചെഴുതാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷകേരളം പദ്ധതി വിജയിക്കില്ല. സ്വന്തം വീട്ടാവശ്യത്തിനല്ലാതെ കൃഷി ചെയ്ത് കുടുംബം പുലര്‍ത്താനാഗ്രഹിക്കുന്ന ചെറുകിട കര്‍ഷകന് സുഭിക്ഷകേരളം ഉപകരിക്കില്ല. വിളമാറ്റത്തിനും സ്വന്തം കൃഷിഭൂമിയില്‍ എന്തു കൃഷി ചെയ്യണമെന്ന കര്‍ഷകന്‍റെ അവകാശത്തിനും നിയമങ്ങളും നിയന്ത്രണങ്ങളുംകൊണ്ട് കൂച്ചു വിലങ്ങിട്ടശേഷം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. പദ്ധതി പ്രഖ്യാപനത്തിനു മുമ്പ് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പൊളിച്ചെഴുതി കൃഷി, വനം, റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ കര്‍ഷകപീഡനം അവസാനിപ്പിക്കുകയാണ് വേണ്ടത്.

പ്രളയ പ്രകൃതിദുരന്തകാലങ്ങളിലും, ഇപ്പോഴുള്ള കൊറോണ ലോക് ഡൗണിലും, വയറു വിശക്കുമ്പോഴും ഭക്ഷ്യദൗര്‍ലഭ്യം നേരിടുമ്പോഴും കര്‍ഷകനെ ഓര്‍ക്കുകയും മുഴുവന്‍ സ്ഥലവും തരിശിടാതെ കൃഷി ചെയ്യണമെന്ന് ആഹ്വാനം നടത്തുകയും ചെയ്യുന്നവര്‍ ന്യായവിലയും കര്‍ഷക സംരക്ഷണവും ലഭ്യമാക്കാതെ കാര്‍ഷികകേരളത്തിന് വരുംനാളുകളില്‍ നിലനില്‍പ്പില്ലെന്ന് തിരിച്ചറിയണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org