ആഭ്യന്തര റബര്‍വിപണി തകര്‍ത്തിട്ട് കര്‍ഷകരക്ഷ പ്രഖ്യാപിക്കുന്നത് വിചിത്രം: ഇന്‍ഫാം

ആഭ്യന്തര റബര്‍ വിപണിയില്‍ വന്‍ വിലത്തകര്‍ച്ച തുടരുമ്പോഴും അനിയന്ത്രിതമായി റബര്‍ ഇറക്കുമതിക്ക് ഒത്താശ ചെയ്യുന്നവര്‍ കര്‍ഷകരക്ഷ പ്രസംഗിക്കുന്നതും പ്രഖ്യാപിക്കുന്നതും വിചിത്രവും കര്‍ഷകവഞ്ചനയുമാണെന്ന് ഇന്‍ഫാം. കാലാവസ്ഥാ വ്യതിയാനവും വിലയിടിവും മൂലം കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതുമൂലം ഉല്പാദനം കുറഞ്ഞിട്ടും വില ഉയരാത്തതിന്‍റെ പിന്നില്‍ അഡ്വാന്‍സ് ലൈസന്‍സ് സ്കീമിലൂടെയുള്ള നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതിയാണെന്ന് ഇന്‍ഫാം പലതവണ പറഞ്ഞത് ശരിയാണെന്ന് റബര്‍ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനറല്‍ ലൈസന്‍സ് പ്രകാരം ഇപ്പോള്‍ നിലവിലുള്ള 25 ഇറക്കു മതിത്തീരുവ കൂടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള വ്യവസായികളുടെ നീക്കത്തിന് പച്ചക്കൊടി കാട്ടുവാന്‍ വാണിജ്യമന്ത്രാലയം ഒരുങ്ങുന്നതിനെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പോലും കണ്ടില്ലെന്ന് നടിക്കുന്നത് ദുഃഖകരമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ റബര്‍ ഉത്തേജകപദ്ധതിയും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കര്‍ഷകരെ വീണ്ടും വിഢികളാക്കുവാനുള്ള കുതന്ത്രങ്ങളും സംരക്ഷണപ്രഖ്യാപനങ്ങളും റബര്‍ പാക്കേജുകളും ഇനിയും വിലപ്പോവില്ല. പൊതുതെരഞ്ഞെടുപ്പില്‍ എന്തു സമീപനം സ്വീകരിക്കണമെന്ന് കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും വ്യാപാരികളും കൂട്ടായി ചിന്തിക്കണമെന്നും ഇന്‍ഫാം ദേശീയ സെ ക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org