രാഷ്ട്രീയ അജണ്ടകളല്ല, കര്‍ഷക സംരക്ഷണമാണ് ലക്ഷ്യം: ഇന്‍ഫാം

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായിത്തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളെയും കര്‍ഷകപ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുള്ള സര്‍വ്വകക്ഷി സമ്മേളനം വിളിച്ചുചേര്‍ത്ത് ശക്തമായ കര്‍ഷകപ്രക്ഷോഭത്തിന് ഇന്‍ഫാം നേതൃ ത്വം നല്‍കുമെന്നും കക്ഷിരാഷ്ട്രീയ അജണ്ടകളല്ല, കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സംരക്ഷണവും സമഗ്രവളര്‍ച്ചയുമാണ് ഇന്‍ഫാമിന്‍റെ ലക്ഷ്യമെന്നും ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

സ്വതന്ത്രമായി രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് മുന്നേറുവാന്‍ ഇന്‍ഫാം കര്‍ഷകര്‍ക്ക് എന്നും കരുത്തേകും. കര്‍ഷകക്ഷേമം ലക്ഷ്യംവയ്ക്കുന്ന സംഘടിത മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതോടെ ചെറുകിട കര്‍ഷകരുടെ ജീവിതം വഴിമുട്ടും. കാര്‍ഷികസംസ്കാരവും കര്‍ഷക ആഭിമുഖ്യവുമുള്ളവര്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണം.
കാര്‍ഷികമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച കര്‍ഷകപ്രസ്ഥാനമെന്ന നിലയില്‍ കര്‍ഷകരോടുള്ള ചരിത്രപരമായ കടമയും ഉത്തരവാദിത്വവുമാണ് ഇന്‍ഫാം എക്കാലവും നിറവേറ്റുന്നത്. സ്വതന്ത്ര കര്‍ഷകപ്രസ്ഥാനമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഫാം ശക്തമായി തുടരുന്നതാണ്. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളേയും കര്‍ഷക നീതിനിഷേധ പ്രതിഷേധങ്ങളെയും നിസ്സാരവല്‍ക്കരിച്ച് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഭരണസംവിധാനങ്ങളുടെ വിരുദ്ധനിലപാടുകള്‍ക്കെതിരെ മുന്നണികള്‍ക്കും രാഷ്ട്രീയത്തിനും അതീതമായി കര്‍ഷകകൂട്ടായ്മകള്‍ ശക്തിപ്പെടുത്തുമെന്നും ഇന്‍ഫാം സെക്രട്ടറി വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org