ഇന്‍ഫാം ദേശീയ സമ്മേളനവും കര്‍ഷക പ്രകടനവും ജനുവരിയില്‍

ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ് (ഇന്‍ഫാം) ദേശീയസമ്മേളനവും കര്‍ഷകപ്രകടനവും കട്ടപ്പനയിലും, പ്രതിനിധി സമ്മേളനം കാഞ്ഞിരപ്പള്ളിയിലുമായി ജനുവരി 15 മുതല്‍ 18 വരെ നടക്കും. ഇന്‍ഫാം സംസ്ഥാന സമിതിയുടെയും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെയും നേതൃത്വത്തില്‍ ഇതാദ്യമായാണ് കട്ടപ്പന ഇന്‍ഫാം ദേശീയ സമ്മേളനത്തിന് വേദിയാകുന്നത്. മലയോര കാര്‍ഷികമേഖലയിലെയും തീരദേശങ്ങളിലെയും ഇടനാട്ടിലെയും കാര്‍ഷിക പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ ശക്തമാക്കി കര്‍ഷകമുന്നേറ്റത്തിന് സമ്മേളനം തുടക്കം കുറിക്കും.

സമ്മേളനത്തിന്‍റെ മുന്നോടിയായി ജനുവരി 15 ന് ഇന്‍ഫാം കര്‍ഷകദിനമായി ആചരിക്കും. 1000 ല്‍ പരം ഗ്രാമസമിതികളില്‍ പതാക ഉയര്‍ത്തി പ്രവര്‍ത്തകസമ്മേളനങ്ങള്‍ ചേരുകയും കര്‍ഷകരെ ആദരിക്കുകയും ചെയ്യും. കാസര്‍ഗോഡ് നിന്ന് അന്നേദിവസം ഇന്‍ഫാം പതാക പ്രയാണം ആരംഭിക്കും. 16 ന് ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലെ കബറിടത്തിങ്കല്‍നിന്ന് ദീപ ശിഖാപ്രയാണവും, സ്ഥാപക ട്രസ്റ്റി എം.സി. ജോര്‍ജിന്‍റെ മൂവാറ്റുപുഴയിലെ കബറിടത്തിങ്കല്‍ നിന്ന് ഛായാചിത്ര പ്രയാണവും ആരംഭിച്ച് പതാകപ്രയാണത്തോടൊപ്പം സമ്മേളന നഗറിലെത്തുന്നതും തുടര്‍ന്ന് വൈകുന്നേരം 5 ന് ദേശീയ സമ്മേളന പതാക ഉയര്‍ത്തപ്പെടുന്നതുമാണ്.

ജനുവരി 17 ന് 2 മണിക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്‍ഫാം കര്‍ഷകര്‍ പങ്കെടുക്കുന്ന കര്‍ഷകപ്രകടനം കട്ടപ്പന ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍റ് ജോര്‍ജ് പാരീഷ് ഗ്രൗണ്ടില്‍ എത്തിച്ചേരും. തുടര്‍ന്ന് സെന്‍റ് ജോര്‍ജ് പാരീഷ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം കര്‍ഷക അവകാശപ്രഖ്യാപനവും നടത്തും. ഇന്‍ഫാം ദേശീയ സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ സംസാരിക്കും. 18 ന് കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്‍റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ കര്‍ഷകപ്രതിനിധി സമ്മേളനം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.

തീരദേശജനതയും മലയോര കര്‍ഷകരും വന്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ സംയുക്തമായി സമാനതകളില്ലാത്ത ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷകപ്രക്ഷോഭത്തിന് കേരളം വരുംനാളുകളില്‍ സാക്ഷ്യമാകുമെന്നും ഉത്തരമലബാറില്‍ തുടക്കം കുറിച്ചിരിക്കുന്ന കര്‍ഷകപ്രക്ഷോഭം കട്ടപ്പനയിലെ ഇന്‍ഫാം ദേശീയസമ്മേളനത്തിലൂടെയും മധ്യ തെക്കന്‍ കേരളത്തിലെയും തീരദേശങ്ങളിലെയും കര്‍ഷക സമരങ്ങളിലൂടെയും സംസ്ഥാനത്തുടനീളവും രാജ്യത്തെ ഇതര കര്‍ഷകപ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് ദേശീയ തലത്തിലേയ്ക്കും വ്യാപിപ്പിക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org