|^| Home -> National -> കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങണം -ഇന്‍ഫാം ദേശീയ സമ്മേളനം

കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങണം -ഇന്‍ഫാം ദേശീയ സമ്മേളനം

Sathyadeepam

കര്‍ഷകരുടെ സംരക്ഷണത്തിനും കാര്‍ഷികമേഖലയുടെ നിലനില്‍പിനുമായി കര്‍ഷകരും കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും രാഷ്ട്രീയ മതചിന്തകള്‍ക്കതീതമായി സഹകരിച്ചും സംഘടിച്ചും നീങ്ങണമെന്ന ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു. ഇന്‍ഫാം ദേശീയ സമ്മേളനവും കര്‍ഷകമഹാറാലിയും ചരിത്രവിജയമാക്കിത്തീര്‍ത്ത ഇന്‍ഫാം സംസ്ഥാന സമിതിയേയും കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല, കട്ടപ്പന താലൂക്ക്, ഗ്രാമസമിതികളെയും സംഘാടകരെയും ദേശീയസമിതി അഭിനന്ദിച്ചു. ദേശീയസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അവതരിപ്പിച്ച ഇന്‍ഫാം- അധ്വാനവര്‍ഗ അവകാശ കരടുരേഖയെ ആസ്പദമാക്കി വിവിധ തലങ്ങളില്‍ കാര്‍ഷികമേഖലയിലെ വിദഗ്ദ്ധരേയും ഇതര കര്‍ഷകസംഘടനാനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് കര്‍ഷകപഠനശിബിരങ്ങള്‍ സംഘടിപ്പിക്കും.

കാര്‍ഷികപ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് സഹായമേകുന്നതിനോടൊപ്പം കര്‍ഷക സംയുക്തപോരാട്ടങ്ങള്‍ക്ക് ഇന്‍ഫാം നേതൃത്വം നല്‍കും. വിവിധ സംസ്ഥാനങ്ങളിലെ ഇന്‍ഫാം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി ഗ്രാമസമിതികള്‍ മുതല്‍ ദേശീയതലംവരെ സംഘടനാസംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുവാനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുവാന്‍ ദേശീയസമിതി തീരുമാനിച്ചു. കാര്‍ഷികവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവിധ കര്‍ഷകസംഘടനകളുടെയും സമ്മേളനം വിളിച്ചുചേര്‍ക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്‍ഫാം ദേശീയസമ്മേളനത്തോടെ സംഘടിതരൂപം കൈവരിച്ചിരിക്കുന്നുവെന്നും തുടര്‍നടപടികള്‍ക്കും സംസ്ഥാനതല ഏകോപനത്തിനും ഇന്‍ഫാമിന്‍റെ നേതൃത്വത്തില്‍ കര്‍ഷകസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ദേശീയ സമിതി അറിയിച്ചു.

Leave a Comment

*
*