Latest News
|^| Home -> National -> മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

Sathyadeepam

വിശ്വാസങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുകയും സമൂഹത്തിന്‍റെ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന് സാഹചര്യമൊരുക്കുകയും വേണമെന്ന് ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. തിരുവല്ലയില്‍ നടന്ന സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന്‍റെ സമാപനത്തില്‍ സംഘടിപ്പിച്ച ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമ്മേളനത്തില്‍ കേരളത്തിലെ വിവിധ സഭകളിലെ മേലധ്യക്ഷന്മാര്‍ പങ്കെടുത്തു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആധ്യക്ഷ്യം വഹിച്ചു. സീറോ മലങ്കര മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തി. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സന്ദേശം നല്‍കി.

പ്രളയക്കെടുതിയില്‍ സാഹോദര്യത്തില്‍ ഉറച്ചു നിന്ന് ക്രിയാത്മകമായി പ്രതികരിച്ച കേരള ജനതയെ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികളുടെ ത്യാഗനിര്‍ഭരമായ ഇടപെടലുകളും ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെ ദുരിതാശ്വാസത്തിനു വേണ്ടി തുറന്നു കൊടുത്ത പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്‍റെ നേതൃത്വവും പുതിയൊരു മാനവികതയെ രൂപപ്പെടുത്തിയെന്ന് യോഗം വിലയിരുത്തി. ദളിത് ക്രൈസ്തവര്‍ക്ക് ക്രൈസ്തവരാണ് എന്നതിന്‍റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണ്. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകണം. ദളിത് ക്രൈസ്തവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ സഭകളും ശക്തമാക്കണം.

ന്യൂനപക്ഷാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ സംയുക്തമായി നേരിടുമെന്ന് സമ്മേളനം മുന്നറിയിപ്പു നല്‍കി. കേരള നവോത്ഥാനത്തിനു വലിയ സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തളര്‍ത്താനുള്ള ലക്ഷ്യത്തോടെ നിയമനങ്ങളിലും മറ്റും നിയന്ത്രണമേര്‍പ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം. കുടുംബ ഭദ്രതയും വിവാഹത്തിന്‍റെ ധാര്‍മ്മികാടിത്തറയും തകര്‍ക്കുന്ന സ്വവര്‍ഗരതി, വിവാഹേതരബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടായിക്കൊണ്ടിരി ക്കുന്ന സംഭവവികാസങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. സൂസപാക്യം, കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി, ഡോ. ജെയിംസ് ആനാപറമ്പില്‍, യൂഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ഔഗേല്‍ കുറിയാക്കോസ്, ഡോ. കെ.ജി ഡാനിയേല്‍, ഡോ. ഉമ്മന്‍ ജോര്‍ജ്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ തോമസ് തറയില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജോസഫ് മാര്‍ ബര്‍ണബാസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. സ്റ്റാന്‍ലി റോമന്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, റവ ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ. കെ.ജി ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Leave a Comment

*
*