സാമൂഹിക പ്രേഷിതത്വത്തില്‍ സഭകളുടെ കൂട്ടായ്മ അനിവാര്യം: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

സാമൂഹിക പ്രേഷിതത്വത്തില്‍ സഭകളുടെ കൂട്ടായ്മ അനിവാര്യം: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

ജാതി, മത ചിന്തകള്‍ക്കതീതമായി സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ സഭകള്‍ ഒരുമയോടെ ഇടപെടണമെന്ന് കോട്ടയത്തു ചേര്‍ന്ന ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തും ഇതര സേവനരംഗങ്ങളിലും നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ സുവിശേഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു സേവനം തുടരാന്‍ സഭകള്‍ പ്രതിജ്ഞാബദ്ധമാണ്. സഭാ സ്ഥാപനം മുതല്‍ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് മുന്നേറിയിട്ടുള്ളത്.

ക്രിസ്തുവിലും സുവിശേഷത്തിലും സമര്‍പ്പിതരായി പ്രതിസന്ധികളെ അതിജീവിക്കാന്‍ സഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇതര ദരിദ്ര വിഭാഗങ്ങളുടെയും പ്രശ്നങ്ങളില്‍ സഭകള്‍ ഒറ്റക്കെട്ടായി സഹായസഹകരണം എത്തിക്കണം. ദളിതരുടെ ഉന്നമനത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തണം.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് 18 ബിഷപ്പുമാര്‍ പങ്കെടുത്തു. കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത, ക്നാനായ സുറിയാനി സഭ ആര്‍ച്ചുബിഷപ് കുരിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. സ്റ്റാന്‍ലി റോമന്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, റവ. കെ.ജി ഡാനിയല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ ദിവന്നാസിയോസിന്‍റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org