മുംബൈയില്‍ മതാന്തര ക്രിസ്തുമസ് സമ്മേളനം

മുംബൈയില്‍ മതാന്തര ക്രിസ്തുമസ് സമ്മേളനം

ക്രിസ്തുമസിനു മുന്നോടിയായി മുംബൈ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മതാന്തര ക്രിസ്തുമസ് സമ്മേളനം ആര്‍ച്ചുബിഷപ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. ക്രൈസ്തവര്‍ക്കു പുറമേ ഹിന്ദു, ഇസ്ലാം, സൗരാഷ്ട്ര, ബുദ്ധ-ജൈന മത നേതാക്കള്‍ പങ്കെടുത്തു. രാജ്യത്ത് വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാന സ്ഥാപനത്തിനായുള്ള ചര്‍ച്ചകളും പ്രാര്‍ത്ഥനകളും നടന്നു. ഇന്നു നമ്മുടെ ചുറ്റുപാടുകളില്‍ വൈവിധ്യമാര്‍ന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും മതങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും അസ്വസ്ഥതകള്‍ പെരുകുകയാണെന്നും മുംബൈ അതിരൂപത വക്താവ് ഫാ. നിഗല്‍ ബാരെറ്റ് പറഞ്ഞു. സമാധാന പ്രതീക്ഷ മരീചികയാണെന്നു തോന്നുന്ന പശ്ചാത്തലത്തില്‍ അതിനുവേണ്ടി എല്ലാവരും തീവ്രമായി ആഗ്രഹിക്കുകയാണെന്നും മതാന്തര സമ്മേളനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. മതത്തിന്‍റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ മതനേതാക്കള്‍ പരസ്യമായി അപലപിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം സമ്മേളനം ചര്‍ച്ച ചെയ്തു. അഹങ്കാരത്തില്‍ നിന്നും ഭയത്തില്‍നിന്നും വിമോചിതരാകാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രത്യാശയുടെ വാതായനങ്ങളാകാന്‍ ലാളിത്യത്തിന്‍റെയും നിര്‍ഭയത്വത്തിന്‍റെയും ജീവിതം നയിക്കാന്‍ മതനേതാക്കള്‍ തയ്യാറാവണമെന്ന ചിന്തയും സമ്മേളനം പങ്കു വച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org