ഭീകരര്‍ കഴുത്തറുത്തു കൊന്ന രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തു

ഭീകരര്‍ കഴുത്തറുത്തു കൊന്ന രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തു

ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴുത്തറുത്തു കൊന്ന ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 20 ഈജിപ്തുകാരും ഒരു ഘാനാ സ്വദേശിയുമാണ് ക്രൂരമായ വിധത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ ഐസിസുകാര്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 2015 ജനുവരിയിലായിരുന്നു കൊലപാതകപരമ്പര. ഓറഞ്ച് വേഷം ധരിച്ച ക്രൈസ്തവരേയും കറുത്ത വസ്ത്രം ധരിച്ച ഭീകരരെയും ചിത്രീകരിക്കുന്ന വീഡിയോ ഫെബ്രുവരിയില്‍ പുറത്തു വന്നു. വൈകാതെ റോം തങ്ങള്‍ കീഴടക്കുമെന്ന ഭീഷണിയും ഇതോടൊപ്പമുണ്ടായിരുന്നു. ലോകത്തെ ഞെട്ടിച്ച ഈ ക്രൂരകൃത്യത്തെ തുടര്‍ന്ന് ഈജിപ്തില്‍ ഭരണകൂടം ക്രൈസ്തവരെ ആശ്വസിപ്പിക്കുവാന്‍ പല നടപടികളും സ്വീകരിച്ചിരുന്നു. രക്തസാക്ഷികളുടെ മൃതദേഹം എന്തു ചെയ്തുവെന്ന വിവരം പിന്നീട് ഇല്ലായിരുന്നു.

കഴിഞ്ഞയാഴ്ച ലിബിയന്‍ പോലീസാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്യം അറിയിച്ചത്. അന്നു വീഡിയോ ചിത്രീകരിച്ച ആള്‍ ഉള്‍പ്പെടെ ഏതാനും ഐസിസ് ഭീകരരെ ലിബിയന്‍ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടക്കൊലയുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലത്തിന്‍റെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതെന്നു ലിബിയന്‍ അധികാരികള്‍ പറഞ്ഞു. ഈജിപ്തില്‍ നിന്നു ലിബിയയില്‍ നിര്‍മ്മാണ ജോലികള്‍ക്ക് എത്തിയവരായിരുന്നു ക്രൈസ്തവര്‍. ഐസിസ് ഭീകരരുടെ പിടിയിലായ അവര്‍ ക്രൈസ്തവവിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊല നടന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പോപ് തവദ്രോസ് രണ്ടാമന്‍ ഇവരെ സഭയുടെ രക്തസാക്ഷികളുടെ പട്ടികയിലുള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയിരുന്നു. ഇവരെ കൊലപ്പെടുത്തുന്ന വീഡിയോ ഭീകരര്‍ പുറത്തു വിട്ട ഫെബ്രുവരി 15 ഇവരുടെ തിരുനാളായും കോപ്റ്റിക് സഭ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിറ്ററേനിയന്‍ സമുദ്രതീരത്ത് ഓറഞ്ച് വസ്ത്രങ്ങളണിഞ്ഞു നില്‍ക്കുന്ന രക്തസാക്ഷികളുടെ ചിത്രവും ഇപ്പോള്‍ കോപ്റ്റിക് സഭയില്‍ വലിയ ആദരവോടെ പരിഗണിക്കപ്പെടുന്നു. രക്തസാക്ഷികളില്‍ 13 പേരുടെയും ജന്മഗ്രാമമായ അല്‍ ഔറില്‍ ഇവരുടെ നാമത്തിലുള്ള ദേവാലയത്തിന്‍റെ നിര്‍മ്മാണവും നടക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് മുന്‍കൈയെടുത്താണ് ഇവിടെ ദേവാലയനിര്‍മ്മാണം ആരംഭിച്ചത്. ഇപ്പോള്‍ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിലെത്തിച്ചു സംസ്കരിക്കാനുള്ള സാദ്ധ്യതയും ഉയര്‍ന്നു വന്നിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org