മധ്യപൂര്‍വദേശത്തെ സമാധാനം ലോകത്തിന്‍റെ ഉത്തരവാദിത്വം -ഇറാനിലെ നുണ്‍ഷ്യോ

മധ്യപൂര്‍വദേശത്തു സമാധാനം സ്ഥാപിക്കുക എന്നത് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്നു ഇറാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലിയോ ബൊക്കാര്‍ദി പ്രസ്താവിച്ചു. ഇറാന്‍ സൈന്യാധിപന്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ആര്‍ച്ചുബിഷപ് ബൊക്കാര്‍ദിയുടെ വാക്കുകള്‍. ഇറാനിലെ സംഭവവികാസങ്ങള്‍ യഥാസമയം താന്‍ വത്തിക്കാനെ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന്, 2013 മുതല്‍ ഇറാനില്‍ സേവനം ചെയ്തു വരുന്ന ആര്‍ച്ചുബിഷപ് പറഞ്ഞു. സംഭാഷണങ്ങളിലൂടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കണമെന്നും ഇതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഏവരും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ ആക്രമണം ഇപ്പോള്‍ ഇറാനിലുള്ള ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് അവിടെ പ്രത്യേക ഭീഷണി ഉയര്‍ത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാഗ്ദാദ് ആസ്ഥാനമായുള്ള കല്‍ദായ കത്തോലിക്കാസഭയുടെ പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ ലൂയിസ് റാഫായേല്‍ സാകോയും ടെഹ്റാനില്‍ നിന്നുള്ള നുണ്‍ഷ്യോയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു. നീതിയും സമാധാനവും വിവേകവും പ്രാര്‍ത്ഥനയും സംഭാഷണവുമാണ് നാമിപ്പോള്‍ ധരിക്കേണ്ട ആയുധങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനും ഇറാഖും അമേരിക്കയും തമ്മില്‍ സമാധാനത്തിന്‍റെ പാലങ്ങള്‍ പണിതീര്‍ക്കാന്‍ യൂറോപ് മുന്നിട്ടിറങ്ങണമെന്ന് പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org