ഇറാനിലെ പ്രക്ഷോഭങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കു ഗുണകരമായേക്കാം

ഇറാനിലെ പ്രക്ഷോഭങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കു ഗുണകരമായേക്കാം

ഇറാനിലെ പ്രക്ഷോഭങ്ങള്‍ തുടരുകയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ അത് മതന്യൂനപക്ഷങ്ങള്‍ക്കു ഗുണകരമായേക്കാമെന്ന് ഇറാനില്‍ ജനിച്ച് പിന്നീട് കത്തോലിക്കാസഭാംഗമായ പത്രപ്രവര്‍ത്തകന്‍ അഭിപ്രായപ്പെടുന്നു. ഇറാനിലെ ഇപ്പോഴത്തെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കപ്പെടുന്നത് 1979-ലെ വിപ്ലവത്തോടെയാണ്. പ്രക്ഷോഭകാരികളേറെയും ഈ വിപ്ലവത്തിനു ശേഷം ഇസ്ലാമിക ഭരണം നടക്കുന്ന ഇറാനില്‍ ജനിച്ചവരാണെങ്കിലും 79-നു മുമ്പുള്ള കാലത്തെ കുറിച്ചുള്ള നഷ്ടബോധമുണര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് അവരുയര്‍ത്തുന്നതെന്ന് സോഹ്റാബ് അഹ്മാരി ചൂണ്ടിക്കാട്ടി. 2016-ലാണ് അഹ്മാരി കത്തോലിക്കാവിശ്വാസം സ്വീകരിച്ചത്.

ഇസ്ലാമിക വിപ്ലവത്തിനു മുമ്പ് ഇറാനില്‍ ജനാധിപത്യം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂടമായിരുന്നില്ല അത്. രാഷ്ട്രീയാവകാശങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഒട്ടേറെ വ്യക്തിസ്വാതന്ത്ര്യവും സാമൂഹ്യസ്വാതന്ത്ര്യവും ജനങ്ങള്‍ അനുഭവിച്ചിരുന്നു – അദ്ദേഹം വിശദീകരിച്ചു.

ഡിസംബര്‍ 29-ന് ഇറാനിലെ തെരുവുകളില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ ഇതിനകം ഇരുപതിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. 450 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇറാനില്‍ പ്രക്ഷോഭമാരംഭിച്ചത്. അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയിട്ടും ജനങ്ങള്‍ക്ക് അതിന്‍റെ പ്രയോജനം ലഭിച്ചു തുടങ്ങിയില്ല. തൊഴിലില്ലായ്മ പെരുകി. എണ്ണവിലയും കുതിച്ചുയര്‍ന്നു. സാമ്പത്തികപ്രശ്നങ്ങള്‍ക്കൊപ്പം പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഇതരവിഷയങ്ങളും പ്രക്ഷോഭകര്‍ തെരുവുകളില്‍ ഉയര്‍ത്തി തുടങ്ങി. 1979-ലെ വിപ്ലവത്തിനു മുമ്പും ഇസ്ലാമിക നിയമം തന്നെയാണ് ഇറാനില്‍ ഉണ്ടായിരുന്നതെങ്കിലും ഷിയാ മുസ്ലീങ്ങളല്ലാത്തവര്‍ക്കും അവിടെ ജീവിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടായിരുന്നെന്ന് അഹ്മാരി ഓര്‍മ്മിപ്പിച്ചു. പിന്നീട് ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനം കുത്തനെ വര്‍ദ്ധിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org