വൈവിധ്യമനുവദിക്കാതെ ഇറാഖിനു ഭാവിയില്ല കല്‍ദായ ആര്‍ച്ചുബിഷപ്

വൈവിധ്യമനുവദിക്കാതെ ഇറാഖിനു ഭാവിയില്ല കല്‍ദായ ആര്‍ച്ചുബിഷപ്

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നു മോചിതമാകുന്ന ഇറാഖിന്‍റെ നിനവേ പ്രദേശങ്ങളില്‍ എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക നിര്‍ണായകമാണെന്നു ഇറാഖിലെ എര്‍ബില്‍ കല്‍ദായ കത്തോലിക്കാ അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് ബാഷര്‍ വാര്‍ധ പറഞ്ഞു. ഇറാഖിന്‍റെ വിജയകരമായ ഭാവിക്ക് ഇതാവശ്യമാണ്. മതന്യൂനപക്ഷങ്ങള്‍ക്കും സാംസ്കാരിക വൈവിധ്യത്തിനും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനുണ്ട് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു. അമേരിക്കയില്‍ ഇറാഖിന്‍റെ ഭാവിയെ കുറിച്ചു യുഎന്‍ നടത്തിയ ഒരു സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ക്ക് ഇക്കാര്യത്തില്‍ സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യ ക്തമാക്കി.

മോസുള്‍ നഗരത്തിനും കുര്‍ദിസ്ഥാ നും ഇടയിലുള്ള നിനവേ പ്രദേശം 2014 ലാണ് ഇസ്ലാമിക് സ്റ്റേറ്റ് അധീനമാക്കിയത്. പതിനായിരകണക്കിനാളുകളാണ് ഇതോടെ നിനവേ വിട്ടുപോയത്. ക്രൈസ്തവര്‍ക്കു പ്രാമുഖ്യമുണ്ടായിരുന്ന പ്രദേശമായിരുന്നു നിനവേ. അവരെല്ലാം വീടുകളുപേക്ഷിച്ചു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. രണ്ടു വര്‍ഷത്തിനു ശേഷം ഇറാഖി സൈന്യം നിനവേ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നു വിമോചിപ്പിച്ചു. ഇപ്പോള്‍ അവിടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പക്ഷേ ക്രൈസ്തവകുടുംബങ്ങള്‍ക്ക് സ്വന്തം വീടുകളിലേയ്ക്കു സധൈര്യം മടങ്ങി വരാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് നിനവേയുടെ ഭാവി യുഎന്‍ ചര്‍ച്ചാവിഷയമാക്കുന്നത്. ക്രൈസ്തവര്‍ക്ക് അവര്‍ ജനിച്ചു വളര്‍ന്ന സ്ഥലത്തേയ്ക്ക് അന്തസ്സോടെയും സുരക്ഷിതമായും മടങ്ങിവരാനും അടിസ്ഥാനപരമായ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ചട്ടക്കൂടുകള്‍ അവര്‍ക്കുറപ്പാക്കാനും വത്തിക്കാനും പരിശ്രമിക്കുമെന്ന് യുഎന്നിലെ വത്തിക്കാന്‍ പ്രതിനിധി സമ്മേളനത്തില്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org