ഇറാഖിലെ ക്രൈസ്തവസമൂഹത്തിന്‍റെ പുനഃനിര്‍മ്മാണത്തിനു സുരക്ഷ ആവശ്യം -യു എസ് കോണ്‍ഗ്രസ് അംഗം

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ആക്രമണത്തില്‍ ഛിന്നഭിന്നമായ വടക്കന്‍ ഇറാഖിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രൈസ്തവരുടേയും യസീദികളുടേയും പുനര്‍ നിര്‍മ്മാണത്തിനു സുരക്ഷ അത്യാവശ്യമാണെന്ന് ഈ മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം അമേരിക്കന്‍ പാര്‍ലിമെന്‍റ് അംഗമായ ജെഫ് ഫോര്‍ട്ടെന്‍ബെറി പ്രസ്താവിച്ചു. മേഖലയില്‍ സാമ്പത്തിക സഹായമെത്തിക്കുന്നതിനെ കുറിച്ചു പഠനം നടത്താനായിരുന്നു അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. പുതിയ സുരക്ഷാസംവിധാനമില്ലാതെ സാമ്പത്തിക സഹായം നല്‍കുന്നതുകൊണ്ടു കാര്യമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അത്തരം സഹായങ്ങള്‍ സുസ്ഥിരമാകില്ല, ഫോര്‍ട്ടെന്‍ ബെറി പറഞ്ഞു.

യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വഴിയായി അമേരിക്ക നല്‍കുന്ന ധനസഹായം ഇറാഖില്‍ എപ്രകാരമാണു ചിലവഴിക്കപ്പെടുന്നതെന്നു പഠിക്കാനാണ് ഫോര്‍ട്ടെന്‍ബെറിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. സാദ്ധ്യതയും സുരക്ഷയും അടിയന്തിരപ്രാധാന്യത്തോടെ സമന്വയിക്കപ്പെടുകയാണ് ഇറാഖിലാവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാഖിലെ ക്രൈസ്തവരേയും യസീദികളേയും സഹായിക്കുന്നതിന് ഒരു ബഹുരാഷ്ട്ര പരിശ്രമം ആവശ്യമാണെന്ന് യുഎസ് സംഘം വിലയിരുത്തി. സംഘര്‍ഷവേളയില്‍ ഇറാഖില്‍ നിന്നു പലായനം ചെയ്ത ക്രൈസ്തവരെയും മറ്റു മര്‍ദ്ദിതവിഭാഗങ്ങളേയും അവരുടെ മാതൃദേശങ്ങളിലേയ്ക്കു മടക്കിയെത്തിക്കുന്നതിനും ജീവിതം പുനരാരംഭിക്കുന്നതിനും 2017 ഒക്ടോബര്‍ മുതല്‍ അമേരിക്ക മാത്രം 11.8 കോടി ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ഇറാഖില്‍ ഇപ്പോഴുമുള്ളത് തകര്‍ന്ന ഒരന്തരീക്ഷമാണ്. പരസ്പരം പോരടിക്കുന്ന പല സായുധവിഭാഗങ്ങള്‍ ഇവിടെയുണ്ട്. ഇറാഖിസൈന്യത്തേയും പ്രാദേശികജനങ്ങളേയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു സംയുക്ത ബഹുരാഷ്ട്ര പരിശീലന പരിപാടി ഇവിടെ സംഘടിപ്പിക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുക എന്നത് സുപ്രധാനമാണെങ്കിലും മതിയായ സുരക്ഷാസംവിധാനമില്ലാതെ അതു ചെയ്യുന്നതുകൊണ്ട് പൂര്‍ണമായ പ്രയോജനമെടുക്കാനാവില്ല. -ഫോട്ടെന്‍ബെറി വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org