ഇറാഖി പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഇറാഖി പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Published on

ഇറാഖ് പ്രസിഡന്‍റ് ബര്‍ഹാം സാലിഹ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇറാഖില്‍ ആഴത്തില്‍ വേരൂന്നിയ ക്രൈസ്തവജനതയുടെ ഭാവി ഇരുവരുടേയും സംഭാഷണവിഷയമായതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇറാഖിലെ ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിദ്ധ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും ഇറാഖി സാമൂഹ്യഘടനയുടെ പുനഃനിര്‍മ്മാണത്തിനു ക്രൈസ്തവര്‍ക്കു നല്‍കാന്‍ കഴിയുന്ന നിര്‍ണായക സംഭാവനകളും ചര്‍ച്ച ചെയ്യപ്പെട്ടു. ഇറാഖിലെ മോസുളിനും കുര്‍ദിസ്ഥാനും ഇടയിലുള്ള നിനവേ സമതലങ്ങളില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ ക്രൈസ്തവ സാന്നിദ്ധ്യമുണ്ട്. സദ്ദാം ഹുസൈന്‍റെ പതനത്തോടെ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയെ തുടര്‍ന്ന് ക്രൈസ്തവര്‍ അവിടെ നിന്നു പലായനമാരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഈ പ്രദേശം പിടിച്ചടക്കിയതോടെ ക്രൈസ്തവരുടെ ദുരിതം പാരമ്യത്തിലെത്തി. ഭീകരവാദികളെ തുരത്തിയ ഈ പ്രദേശത്ത് അവശേഷിക്കുന്ന ക്രൈസ്തവര്‍ ഇപ്പോള്‍ അവരുടെ വീടുകളുടേയും പള്ളികളുടേയും പുനഃനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ അമേരിക്കയും ഇറാനും തമ്മില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷം ഇറാഖിലെ ക്രൈസ്തവരെ വീണ്ടും ആശങ്കാകുലരാക്കിയിരിക്കുകയാണെന്ന് സഭാനേതൃത്വം അറിയിച്ചു. ഇറാഖിലെ ക്രൈസ്തവര്‍ക്കു സുരക്ഷ നല്‍കാന്‍ നടപടികളുണ്ടാകണമെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ഇറാഖി പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org