ഇസ്ലാമിക് സ്റ്റേറ്റ് ഒരു കത്തോലിക്കാ വൈദികനെ കൊലപ്പെടുത്തി

ഇസ്ലാമിക് സ്റ്റേറ്റ് ഒരു കത്തോലിക്കാ വൈദികനെ കൊലപ്പെടുത്തി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ സിറിയയില്‍, അര്‍മീനിയന്‍ കത്തോലിക്കാസഭയിലെ ഒരു വൈദികനേയും അദ്ദേഹത്തിന്‍റെ പിതാവിനേയും കൊലപ്പെടുത്തി. കുര്‍ദ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള ഖമിഷ്ലി എന്ന നഗരത്തിലെ അര്‍മീനിയന്‍ കത്തോലിക്കരുടെ അജപാലകനായിരുന്നു കൊല്ലപ്പെട്ട ഫാ. ഹോവ്സെപ് ബെദോയാന്‍. തുര്‍ക്കിയുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം. പിതാവായ അബ്രാഹം ബെദോയനുമൊത്ത് യാത്ര ചെയ്യുമ്പോഴാണ് ഭീകരവാദികള്‍ വാഹനം തകര്‍ത്ത് ഇവരെ കൊന്നത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡീക്കനായ യുവാവിനു ഗുരുതരമായി പരിക്കേറ്റു. നേരത്തെ ഭീകരവാദികളുടെ അക്രമത്തില്‍ തകര്‍ന്നു കിടക്കുകയായിരുന്ന ഒരു അര്‍മീനിയന്‍ കത്തോലിക്കാ ദേവാലയം പരിശോധിക്കാന്‍ പോകുകയായിരുന്നു വൈദികനും അദ്ദേഹത്തിന്‍റെ പിതാവും ഡീക്കനും. വിവാഹിതനാണ് ഫാ. ബോദെയാന്‍.

സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ തുര്‍ക്കി ഇവിടത്തെ കുര്‍ദുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. കുര്‍ദ് മേഖലകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അടിച്ചമര്‍ത്താന്‍ കുര്‍ദ് സൈനികര്‍ക്കു സാധിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങലോടെ കുര്‍ദുകള്‍ പ്രതിരോധത്തിലാകുകയും നിര്‍ജീവമായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ രംഗത്തു വരാന്‍ തുടങ്ങുകയും ചെയ്തു. കുര്‍ദുകള്‍ തടങ്കലില്‍ വച്ചിരുന്ന നൂറു കണക്കിനു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഈ കുഴപ്പങ്ങള്‍ക്കിടെ തടവു ചാടിയിരുന്നു. വടക്കന്‍ സിറിയയെ വീണ്ടും അരക്ഷിതത്വത്തിലേയ്ക്കു തള്ളി വിട്ട അമേരിക്കന്‍ പിന്മാറ്റത്തേയും കുര്‍ദ്-തുര്‍ക്കി സംഘര്‍ഷത്തേയും കത്തോലിക്കാസഭ വിമര്‍ശിച്ചിട്ടുണ്ട്.

ആറു ലക്ഷം വിശ്വാസികളുള്ള ഒരു സ്വയാധികാര പൗരസ്ത്യ കത്തോലിക്കാസഭയാണ് അര്‍മീനിയന്‍ സഭ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org