ഇസ്ലാമിക ഭീകരത ഒരു യഥാര്‍ത്ഥഭീഷണി, ക്രൈസ്തവര്‍ മുന്‍കരുതലെടുക്കണം -മുസ്ലീം പണ്ഡിതന്‍

ഇസ്ലാമികഭീകരത തികച്ചും യാഥാര്‍ത്ഥ്യമാണെന്നും അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ക്രൈസ്തവരും നേതാക്കളും തയ്യാറാകണമെന്നും ആസ്ത്രേലിയായിലെ മുസ്ലീം പണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് തൗഹിദി വ്യക്തമാക്കുന്നു. ക്രൈസ്തവരുണര്‍ന്നില്ലെങ്കില്‍, ക്രൈസ്തവനേതാക്കളുണര്‍ന്നില്ലെങ്കില്‍ തീവ്രവാദികളില്‍നിന്ന് ഓടി രക്ഷപ്പെട്ടു വന്നിരിക്കുന്ന മുസ്ലീങ്ങള്‍ക്കു നിങ്ങളെ സഹായിക്കാനാകില്ല. ഞങ്ങള്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണ് – അദ്ദേഹം പറഞ്ഞു. ഇറാന്‍ വംശജനാണ് തൗഹിദി.

പൊളിറ്റിക്കല്‍ കറക്ട്നെസ് മൂലം തീവ്രവാദമുസ്ലീങ്ങള്‍ അവരുടെ അപകടകരവും മാരകവുമായ ആശയങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് തൗഹിദി പറഞ്ഞു. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചു ഞങ്ങള്‍ പാശ്ചാത്യഭരണകൂടങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുമ്പോള്‍, തീവ്രവാദികളേയും മനസ്സിലാക്കണമെന്ന പുതിയ പൊളിറ്റിക്കല്‍ കറക്ട്നെസ് ഉയര്‍ത്തിക്കൊണ്ടുവരികയാണു ചെയ്യുന്നത്. സിറിയയിലെയും ഇറാഖിലെയും ഭൂപ്രദേശങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനു നഷ്ടപ്പെട്ടെങ്കിലും അവരുടെ അനുയായികള്‍ ഇപ്പോഴും സമ്പൂര്‍ണ കലാപങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഭൂപ്രദേശങ്ങളും രാജ്യങ്ങളും കവര്‍ന്നെടുക്കുന്ന ഖാലിഫേറ്റ് എന്ന തീവ്ര ഇസ്ലാമിക സായുധ പ്രത്യയശാസ്ത്രം ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ 31,211 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി 1.46 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

താനൊരു മുസ്ലീമാണെങ്കിലും തനിക്ക് ഒരു ഇസ്ലാമിക മതരാഷ്ട്രത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് തൗഹിദി പറഞ്ഞു. ഭരണഘടനാധിഷ്ഠിതമായ ഒരു ക്രിസ്ത്യന്‍ ഭരണകൂടത്തിനു കീഴില്‍ എനിക്കു ജീവിക്കാനാകും. കാരണം അവിടെ സമാധാനമുണ്ടാകും. ഐസിസ് ഭരിക്കുന്ന ഒരു നാട്ടില്‍ ജീവിക്കാനാകില്ല. ബുദ്ധിയുള്ള ഒരു മുസ്ലീമിനും ഐസിസിനു കീഴില്‍ ജീവിക്കാനാകില്ല – തൗഹിദി വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org