മാഫിയയ്ക്ക് ഇരയായ വൈദികന്‍റെ ചരമവാര്‍ഷികത്തിനു മാര്‍പാപ്പയെത്തുന്നു

മാഫിയയ്ക്ക് ഇരയായ വൈദികന്‍റെ  ചരമവാര്‍ഷികത്തിനു മാര്‍പാപ്പയെത്തുന്നു

ഇറ്റലിയിലെ മാഫിയ 1993-ല്‍ കൊലപ്പെടുത്തിയ പുരോഹിതന്‍റെ അനുസ്മരണചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാഫിയാകളുടെ നാടായ സിസിലിയില്‍ എത്തുന്നു. മാഫിയായുടെ ആദ്യ രക്തസാക്ഷിയെന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട ഗ്വിസെപ്പെ പിനോ പുഗ്ലിസിയുടെ ഇരുപത്തഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളില്‍ മാര്‍പാപ്പ പങ്കെടുക്കും. രക്തസാക്ഷിയുടെ വീടും ഇടവകപ്പള്ളിയും മാര്‍പാപ്പ സന്ദര്‍ശിക്കും.

പൗരോഹിത്യം സ്വീകരിച്ച കാലം മുതല്‍ സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഉറച്ച വാക്കുകളില്‍ സംസാരിച്ചിരുന്നയാളായിരുന്നു ഫാ. പുഗ്ലിസി. യുവജനങ്ങളെ കൂടെ നിറുത്താനും അവര്‍ക്കു പരിശീലനം നല്‍കാനും അദ്ദേഹം ശ്രമിച്ചുപോന്നു. ഇറ്റലിയുടെ സമാധാനജീവിതത്തിനു ഭീഷണിയായിരുന്ന മാഫിയകളെയും അദ്ദേഹം തുറന്നെതിര്‍ത്തു. മാഫിയകള്‍ക്കെതിരായ പ്രവര്‍ത്തനം നടത്തുന്ന വേറെയും പുരോഹിതരുണ്ടായിരുന്നു. പക്ഷേ അവരില്‍ നിന്നു വ്യത്യസ്തമായിരുന്നു പുഗ്ലിസിയുടെ പ്രവര്‍ത്തനരീതി. യുവജനങ്ങള്‍ക്കു ബോധവത്കരണം നടത്തി അവരെ മാഫിയകളുടെ സ്വാധീനത്തില്‍ നിന്ന് അകറ്റി നിറുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി. ഇത് വളരുന്ന തലമുറയില്‍ ഒരു മാഫിയവിരുദ്ധസംസ്കാരം വളര്‍ത്താന്‍ തുടങ്ങി. മാഫിയ സംഘാംഗങ്ങളെ പള്ളിപ്പരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കുക, അവരുടെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പള്ളിപ്രസംഗങ്ങളില്‍ വെളിപ്പെടുത്തുക തുടങ്ങി നടപടികളും അദ്ദേഹം സ്വീകരിച്ചു. ഇതേതുടര്‍ന്ന് ജീവനെതിരെ നിരവധി ഭീഷണികള്‍ മാഫിയാകളില്‍ നിന്നുണ്ടായെങ്കിലും പിന്‍വാങ്ങിയില്ല. ഒടുവില്‍ രണ്ടു മാഫിയത്തലവന്മാര്‍ ചുമതലപ്പെടുത്തിയ വാടകക്കൊലയാളികള്‍ ഫാ. പുഗ്ലിസിയെ വെടിവച്ചു കൊന്നു.

2012-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫാ. പുഗ്ലിസിയുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിക്കുകയും 2013 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org