വൃദ്ധര്‍ക്കു കരുതലുമായി ഇറ്റലിയിലെ കത്തോലിക്കാ യുവജനങ്ങള്‍

കോവിഡ് പകര്‍ച്ചവ്യാധി മൂലം വലിയ ദുഃഖവും നിരാശയും അനുഭവിച്ച വൃദ്ധര്‍ക്കു ആശ്വാസവും പ്രചോദനവും പകരുന്നതിനു ഇറ്റലിയിലെ യുവജനങ്ങള്‍ രംഗത്തിറങ്ങി. മുതിര്‍ന്നവരെ മാനിക്കുക എന്ന മുദ്രാവാക്യവുമായി, "യൂത്ത് ഫോര്‍ പീസ്" എന്ന കത്തോലിക്കാ യുവജനസംഘടന സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയാണ് തങ്ങളുടെ ദൗത്യം നിര്‍വഹിക്കുന്നത്. തലമുറകള്‍ക്കതീതമായ മാനവൈക്യം രൂപപ്പെടുത്തണമെന്നും വയോജനങ്ങളെ ഒറ്റപ്പെടാന്‍ അനുവദിക്കരുതെന്നും യുവജനങ്ങള്‍ ആവശ്യപ്പെടുന്നു.

കോവിഡ് ചികിത്സയില്‍ വൃദ്ധര്‍ അവഗണിക്കപ്പെട്ടുവെന്നും ഇത് വൃദ്ധരുടെ വന്‍ തോതിലുള്ള മരണങ്ങള്‍ക്ക് ഇടയാക്കിയെന്നും ഉള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് സഭയുടെ യുവജനസംഘടനയുടെ ഈ പ്രവര്‍ത്തനങ്ങള്‍. ലോകത്തില്‍ ഏറ്റവുമധികം വൃദ്ധരുള്ള രണ്ടാമത്തെ രാജ്യമാണ് ഇറ്റലി. ജപ്പാനാണ് ഒന്നാമത്തേത്. ഇറ്റലിയിലെ ജനങ്ങളില്‍ 20% ല്‍ അധികവും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.

വൃദ്ധരായ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുകയാണ് യൂത്ത് ഫോര്‍ പീസിലെ യുവജനങ്ങള്‍. ഒറ്റപ്പെടലിനും മരണത്തിനും ഒരു ബദല്‍ വൃദ്ധര്‍ അര്‍ഹിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു. സ്ഥാപനവത്കൃതമായ നഴ്സിംഗ് ഹോമുകളെ കുറി ച്ച് ഒരു പുനരാലോചന നടത്തുകയും ഗാര്‍ഹിക പരിചരണവും സംയോജിത ഭവന മാതൃകകളും ശക്തിപ്പെടുത്തുകയും വേണം. വീട് എന്നു തനിക്കു വിളിക്കാവുന്ന ഒരിടത്ത് ജീവിക്കാനുള്ള അവകാശം എല്ലാ മുതിര്‍ന്നവര്‍ക്കും ഉണ്ട് – യുവജനങ്ങള്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org