സ്വവര്‍ഗജോടികള്‍ക്ക് ഐവിഎഫ്: ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം

സ്വവര്‍ഗജോടികള്‍ക്ക് ഐവിഎഫ്: ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം
Published on

ഏകസ്ഥരായ സ്ത്രീകള്‍ക്കും സ്വവര്‍ഗവിവാഹിതരായ സ്ത്രീകള്‍ക്കും കൃത്രിമ മാര്‍ഗത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിനെതിരെ ഫ്രാന്‍സിലെ പാരീസില്‍ നടന്ന പ്രതിഷേധത്തില്‍ അറുപതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു. ഒരു യൂറോപ്യന്‍ നഗരത്തെ സംബന്ധിച്ച് ഇത്ര വലിയ ആള്‍ക്കൂട്ടം പ്രതിഷേധത്തിനെത്തിയത് ബില്ലിനെതിരായ ജനകീയ വികാരത്തെ പ്രതിഫലിപ്പിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. കുഞ്ഞിനു പിതാവിനെ നിഷേധിക്കാനും കുഞ്ഞിനെ ഒരു ഉപഭോക്തൃവസ്തുവാക്കാനും ഭരണകൂടം തയ്യാറാകുകയാണ് ഈ ബില്ലിലൂടെ ചെയ്യുന്നതെന്നു പ്രതിഷേധകര്‍ പറഞ്ഞു. ഭരണകൂടത്തിന്‍റെ നീക്കം കുടുംബത്തെയും അതുവഴി സമൂഹത്തെയും ദുര്‍ബലമാക്കുമെന്നും പിതാവില്ലാത്ത കുഞ്ഞുങ്ങളുടെ ഉത്പാദനത്തിലേയ്ക്ക് അതു വഴി വയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.

മാനവസമൂഹങ്ങളെ പടുത്തുയര്‍ത്തിയിരിക്കുന്ന അവശ്യ അടിസ്ഥാനങ്ങളെ ഇളക്കുന്നതാണ് ഈ ബില്ലെന്ന് പാരീസ് അതിരൂപതാ ആര്‍ച്ചുബിഷപ് മൈക്കിള്‍ ഓപെറ്റിറ്റ് പ്രസ്താവിച്ചു. ദത്തെടുക്കല്‍, മനുഷ്യശരീരത്തിന്‍റെ വാണിജ്യവത്കരണ വിരുദ്ധത, രൂപപ്പെടുന്നതു മുതല്‍ സ്വാഭാവികാന്ത്യം വരെ എല്ലാ ജീവനുകളെയും ആദരിക്കുക, കുഞ്ഞുങ്ങളുടെ ഉത്തമക്ഷേമം ഉറപ്പാക്കുക, മനുഷ്യസ്നേഹപരവും വാണിജ്യവത്കരിക്കപ്പെടാത്തതുമായ വൈദ്യശാസ്ത്രം എന്നിങ്ങനെയുള്ള മൂല്യങ്ങളെയെല്ലാം ഈ ബില്‍ നിരാകരിക്കുന്നു – ആര്‍ച്ചുബിഷപ് പറഞ്ഞു. വളരെ അപകടകരമായ പാതയിലൂടെയാണ് ഫ്രാന്‍സ് നീങ്ങുന്നതെന്നു ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് എറിക് ഡി മൗലിന്‍സ് പ്രസ്താവിച്ചു.

കഴിഞ്ഞ മാസം ഫ്രഞ്ച് നാഷണല്‍ അസംബ്ലി ബില്‍ പാസ്സാക്കി. വൈകാതെ അതു സെനറ്റിലെത്തും. ഇതുവരെ സ്ത്രീ-പുരുഷ ദമ്പതികള്‍ക്കു മാത്രമേ ഫ്രാന്‍സില്‍ ഐവിഎഫ് അനുവദനീയമായിട്ടുള്ളൂ. പുതിയ ബില്‍ 43 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്ക് കൃത്രിമഗര്‍ഭധാരണം അനുവദിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org