ഭരണകൂടം മതേതരത്വം മറക്കുന്നത് ആശങ്കാജനകം – ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ഭരണകൂടം മതേതരത്വം മറക്കുന്നത് ആശങ്കാജനകം – ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ഭരണനേതൃത്വത്തിലുള്ളവര്‍ മതേതരമൂല്യങ്ങള്‍ വിസ്മരിക്കുന്നത് ആശങ്കാജനകമാണെന്നു സിബിസിഐ വൈസ് പ്രസിഡന്‍റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. കെസിബിസി ഐക്യജാഗ്രതാ, മീഡിയ കമ്മീഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ രൂപതകളിലെ മാധ്യമ ഡയറക്ടര്‍മാരുടെയും പിആര്‍ഒമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും അനന്യതയും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മതേതരരാഷ്ട്രത്തിന് ഭൂഷണമല്ല. മതപരമായ അസഹിഷ്ണുതയും തീവ്രനിലപാടുകളും ആപത്താണ്. വിശ്വാസം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും പകര്‍ന്നു നല്‍കാനും ഓരോ പൗരനുമുള്ള അവകാശം സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സേവനങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. തെറ്റായ നിയമനിര്‍മാണങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അനാഥമന്ദിരങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ട്. കൂടുതല്‍ മദ്യശാലകള്‍ തുറന്നുകൊടുക്കുന്ന സര്‍ക്കാര്‍ നയം കേരളീയ സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഓര്‍മിപ്പിച്ചു.

ഭിന്നതകളെ വളര്‍ത്തുന്ന മാധ്യമ അജണ്ടകള്‍ നാം തിരിച്ചറിയണമെന്ന് ചടങ്ങില്‍ ആദ്ധ്യക്ഷ്യം വഹിച്ച കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും വിചാരണകളുടെ വേദികളാവുന്നതിനെ മാധ്യമ സ്വാതന്ത്ര്യമായി കാണാനാവില്ല. മാധ്യമങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തുകയല്ല, ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും വിവേകപൂര്‍വം വിലയിരുത്തുകയുമാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്ത് മാസിക മാനേജിംഗ് എഡിറ്റര്‍ ഫാ. ബിനോയ് പിച്ചളക്കാട്ട്, തിരുവനന്തപുരം അതിരൂപത മീഡിയ ഡയറക്ടര്‍ ഫാ. ദീപക് ആന്‍റോ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കോതമംഗലം രൂപത പിആര്‍ഒ അഡ്വ. റൈജു വര്‍ഗീസ്, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, ഐക്യജാഗ്രതാ കമ്മീഷന്‍ സെക്ര ട്ടറി ഫാ. സാജു കുത്തോടിപുത്തന്‍ പുരയില്‍, കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org