ജീവന്‍ കൊടുത്ത് ജീവന്‍ നേടി വൈദികന്‍ വിടവാങ്ങി

ജീവന്‍ കൊടുത്ത് ജീവന്‍ നേടി വൈദികന്‍ വിടവാങ്ങി

വടക്കന്‍ ഇറ്റലിയില്‍ ഇടവകവികാരിയായിരുന്ന ഡോണ്‍ ജ്വിസെപ്പെ ബെരാര്‍ദെല്ലി എന്ന 72 കാരനായ വൈദികന്‍റെ മരണത്തെ പോളണ്ടിലെ വി. മാക്സിമില്യന്‍ കോള്‍ബെയുടെ ജീവത്യാഗത്തോടുപമിക്കുകയാണു ലോകം. കോവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കെ ആശുപത്രിയില്‍ തനിക്കു നല്‍കിയ ശ്വസനസഹായി ചെറുപ്പക്കാരനായ മറ്റൊരാള്‍ക്കു കൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു ഡോണ്‍ ബെരാര്‍ദെല്ലി. കോവിഡ് ഏറ്റവുമധികം നാശം വിതച്ച ബെര്‍ഗാമോയിലെ ലൂവ്റെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കാസ്നിഗോ ആര്‍ച്ച് പ്രീസ്റ്റായ അദ്ദേഹം. ശ്വസനസഹായികള്‍ക്കു ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് സ്വന്തം ഇടവകക്കാര്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയ ശ്വസനസഹായി ആണ് ഡോണ്‍ ബെരാര്‍ദെല്ലി മറ്റൊരാള്‍ക്കു വേണ്ടി നല്‍കിയത്. അതു സ്വീകരിച്ച് ജീവന്‍ രക്ഷപ്പെടുത്തിയ യുവാവിനെ വൈദികനു പരിചയമില്ലായിരുന്നുവെന്ന് ഇക്കാര്യം പുറംലോകത്തെ അറിയിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക പറഞ്ഞു.

വടക്കന്‍ ഇറ്റലിയില്‍ ഇതിനകം അറുപതിലേറെ വൈദികരാണ് പകര്‍ച്ചവ്യാധി മൂലം മരണമടഞ്ഞത്. ആശുപത്രികളിലെത്തി രോഗികളെ സന്ദര്‍ശിക്കുകയും കൂദാശകള്‍ കൊടുക്കുകയും ചെയ്യുന്നതിനിടെയാണ് ഇവരില്‍ പലരും രോഗബാധിതരായത്. മരണമടഞ്ഞ വൈദികരില്‍ ഭൂരിപക്ഷവും അമ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org