ജീവിതം കൊണ്ടു പ്രഘോഷിക്കുന്ന വിശ്വാസത്തിനു മാത്രമേ ദൈവപ്രീതി ലഭിക്കൂ ഫ്രാന്‍സിസ് മാര്‍പാപ്പ

ജീവിതം കൊണ്ടു പ്രഘോഷിക്കുന്ന വിശ്വാസത്തിനു മാത്രമേ ദൈവപ്രീതി ലഭിക്കൂ ഫ്രാന്‍സിസ് മാര്‍പാപ്പ

നമ്മുടെ ജീവിതങ്ങള്‍ കൊണ്ടു പ്രഘോഷിക്കുന്ന വിശ്വാസത്തിനു മാത്രമേ ദൈവത്തെ പ്രീതിപ്പെടുത്താനാകൂ എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വിശ്വാസത്തിനനുസരിച്ചുള്ള യഥാര്‍ത്ഥജീവിതമെന്നതുകൊണ്ടുദ്ദേശിക്കുന്നത് കപടനാട്യങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് ജീവിക്കുകയെന്നതാണ്; അതെത്ര കഠിനമാണെങ്കിലും – മാര്‍പാപ്പ വിശദീകരിച്ചു. ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനിടെ അവിടത്തെ എയര്‍ ഡിഫന്‍സ് സ്റ്റേഡിയത്തില്‍ ദിവ്യബലിയര്‍ പ്പിച്ചു സുവിശേഷപ്രസംഗം നടത്തുകയായിരുന്നു മാര്‍പാപ്പ. ദിവ്യബലിയില്‍ 15,000 വി ശ്വാസികള്‍ പങ്കെടുത്തു.
നമ്മെ കൂടുതല്‍ സ്നേഹമുള്ളവരും കരുണയുള്ളവരും സത്യസന്ധരും മനുഷ്യത്വമുള്ളവരും ആക്കി മാറ്റുന്നതാണ് യഥാര്‍ത്ഥമായ വിശ്വാസമെന്ന് മാര്‍പാപ്പ പറഞ്ഞു. വേര്‍തിരിവുകളും പ്രത്യേക പ്രീതിയും കൂടാതെ എല്ലാവരേയും വില നോക്കാതെ സ്നേഹിക്കുവാന്‍ സത്യവിശ്വാസം നമ്മുടെ ഹൃദയങ്ങളെ പ്രേരിപ്പിക്കുന്നു. സഹോദരങ്ങളെ ശത്രുക്കളെ പോലെ പരിഗണിക്കാതെ അവരെ സ്നേഹിക്കാനും സേവിക്കാനും സഹായിക്കാനുമാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മോടു തെറ്റു ചെയ്തവരോടു ക്ഷമിക്കാനുള്ള ധൈര്യവും വിശ്വാസം നമുക്കു നല്‍കുന്നു. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അതേ തീക്ഷ്ണതയോടെ മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു. വിശ്വാസത്തില്‍ വളരുന്നതിനുസരിച്ച് വിനയത്തിലും നാം വളരും – മാര്‍പാപ്പ വിശദീകരിച്ചു.
മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ 213 ഇടവകകളിലായി 2.72 ലക്ഷം കത്തോലിക്കരാണുള്ളത്. 9 കോടിയോളം വരുന്ന ജനസംഖ്യയില്‍ പത്തു ശതമാനമാണു ക്രൈസ്തവര്‍. കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ് ഇവരിലേറെയും. ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഈജിപ്തില്‍ നിന്നു ക്രൈസ്തവര്‍ മറ്റു രാജ്യങ്ങളിലേയ്ക്കു പലായനം ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org