ജാര്‍ഘണ്ടില്‍ ആദിവാസി ക്രൈസ്തവരുടെ സംവരണം അവസാനിപ്പിക്കാന്‍ നീക്കം

ജാര്‍ഘണ്ടില്‍ ക്രിസ്തു മതത്തിലേക്കോ ഇതര മതങ്ങളിലേക്കോ പരിവര്‍ത്തനം ചെയ്യപ്പെട്ട ആദിവാസികള്‍ക്കുള്ള സംവരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി ഔദ്യോഗിക പിന്നോക്ക സമുദായ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഒരു പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആദിവാസി വിഭാഗക്കാരായ എല്ലാവര്‍ക്കും അവരുടെ ജാതി പരിഗണനകള്‍ കൂടാതെ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അതിലൂടെ സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ സംവരണവും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്കു ലഭ്യമാണ്.

എന്നാല്‍ ജാര്‍ഘണ്ടില്‍ ഇപ്പോള്‍ ഭരണം നടത്തുന്ന ബിജെപി മുന്നണി, ആദിവാസികളായ ക്രൈസ്തവര്‍ക്ക് സംവരണാനുകൂല്യം നിഷേധിക്കാനും പരമ്പരാഗത മതത്തില്‍ നിലനില്‍ക്കുന്നവര്‍ക്കായി അതു പരിമിതപ്പെടുത്താനുമാണ് പരിശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും മറ്റും സംവരണാനുകൂല്യം നിഷേധിക്കാന്‍ ഇടയുണ്ടെന്നാണ് പത്രവാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച നിയമസാധുത സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലിനോട് ആരാഞ്ഞിട്ടുണ്ടെന്നും അനുകൂല മറുപടിയാണ് അദ്ദേഹം സര്‍ക്കാരിനു നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്.

ഈ നിയമം പ്രാബല്യത്തിലായാല്‍ ആയിരക്കണക്കിനു ക്രൈസ്തവരെ അതു പ്രതികൂലമായി ബാധിക്കുമെന്നും നിരവധി പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നഷ്ടമാകുമെന്നും ജാര്‍ഘണ്ടിലെ കത്തോലിക്കാ അല്മായ സംഘടനയുടെ നേതാവ് പറഞ്ഞു. തൊഴിലും സംവരണവും നഷ്ടമാകാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമ്പരാഗത മതത്തിലേക്കു ചേക്കേറാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ വന്നു ചേരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org