ജാര്‍ഘണ്ടിലെ പുതിയ മെഡിക്കല്‍ കോളജിനെ സ്വാഗതം ചെയ്ത് സഭ

ജാര്‍ഘണ്ടില്‍ ഉന്നത നിലവാരത്തിലുള്ള മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് റാഞ്ചി സഹായമെത്രാനും സിബിസിഐ സെക്രട്ടറി ജനറലുമായ ബിഷപ് തിയോഡര്‍ മസ്ക്രിനാസ്. പുതിയ മെഡിക്കല്‍ കോളജ് ആദിവാസി ജനസമൂഹത്തിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ആരോഗ്യപരിരക്ഷയ്ക്ക് അനുഗുണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി നേതാക്കളും സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റ് പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ജാര്‍ഘണ്ടില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
പുതിയ പദ്ധതി തീര്‍ച്ചയായും ദരിദ്രര്‍ക്കു വലിയ സേവനമായിരിക്കുമെന്നും ബിഷപ് തിയോഡര്‍ മസ്ക്രിനാസ് പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതിവര്‍ഷം അറുപതിനായിരത്തോളം പേര്‍ ക്ഷയരോഗം ബാധിച്ചു മരണമടയുന്നതായാണു കണക്കുകള്‍. സ്ത്രീകളുടെ പ്രസവം 80 ശതമാനവും വീടുകളില്‍ത്തന്നെ നടക്കുന്നതിനാല്‍ ശിശുമരണങ്ങളും കൂടുതലാണ്. സംസ്ഥാനത്തെ ശിശുക്കളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താല്‍ 52 ശതമാനം കുട്ടികള്‍ മാത്രമാണ് ആരോഗ്യവാന്മാരായിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org