ജാര്‍ഘണ്ടില്‍ വ്യജകേസില്‍ പെട്ട മലയാളി വൈദികനു ജാമ്യം

ജാര്‍ഘണ്ടില്‍ വ്യജകേസില്‍ പെട്ട മലയാളി വൈദികനു ജാമ്യം

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഘണ്ടില്‍ പൊലീസ് അറസ്റ്റു ചെയ്ത മലയാളി മിഷനറി വൈദികന്‍ ഫാ. ബിനോയി ജോണിനു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വൈദികനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷപ്രവര്‍ത്തകനായ മുന്നാ ഹന്‍സദാ എന്നയാള്‍ക്കും ജാമ്യം ലഭിച്ചു. ഭഗല്‍പൂര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. ബിനോയി തൊടുപുഴ വെട്ടിമറ്റം സ്വദേശിയാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റത്തിനൊപ്പം ഭൂമി കയ്യേറ്റവും അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരുന്നു. എന്നാല്‍ ഇതു കള്ളക്കേസാണെന്നും ആസൂത്രിതമായി വൈദികനെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും രൂപതാ വികാരി ജനറാള്‍ ഫാ. എന്‍.എം തോമസ് പറഞ്ഞു. അറസ്റ്റിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ അറസ്റ്റു ചെയ്യപ്പെട്ട മറ്റൊരു വൈദികനായ ഫാ. അരുണ്‍ വിന്‍സെന്‍റിനെ പോലീസ് നേരത്തെ വിട്ടയച്ചിരുന്നു.

ഫാ. ബിനോയിക്കെതിരെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആദിവാസി ഭൂമികയ്യേറ്റം, മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും വൈദികന്‍ നിരപരാധിയാണെന്നുമുള്ള വാദം കോടതി അം ഗീകരിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഫാ. ബിനോയിക്ക് കോടതി നിരുപാധിക ജാമ്യം അനുവദിച്ചത്.

ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൃദ്രോഗിയായ ഫാ. ബിനോയി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയിലായിരുന്നു. രണ്ടു വര്‍ഷമായി പേസ് മേക്കറിന്‍റെ സഹായത്തോടെയാണ് ഫാ. ബിനോയി കഴിയുന്നത് ഇക്കാര്യം അഭിഭാഷകര്‍ കോടതിയെ ബോധ്യപ്പെടുത്തി. വൈദികനായ ശേഷം മിഷനില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ഇതുവരെയും ആരെയും മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ഫാ. ബിനോയി പറഞ്ഞു. ഇടവകയുടെ ചുമതല ഉണ്ടായിരുന്നില്ല. മകപരിവര്‍ത്തനത്തിനു ആരെയും സമീപിച്ചിട്ടില്ല. ഭൂമി കൈയേറ്റമെന്ന പരാതിയിലും കഴമ്പില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org