ജാര്‍ഘണ്ട് സര്‍ക്കാരിന്‍റെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണം

ജാര്‍ഘണ്ട് സര്‍ക്കാരിന്‍റെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാരിന്‍റെ ക്രൈസ്തവ പീഡനങ്ങള്‍ നിര്‍ത്തലാക്കാന്‍ പരിശ്രമിക്കണമെന്നും ജാര്‍ഘണ്ടിലെ ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. പല വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഏറ്റവും ഒടുവില്‍ 80 ല്‍ അധികം ക്രൈസ്തവ സംഘടനകളുടെ സാമ്പത്തീക സ്രോതസ്സുകളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിദേശങ്ങളില്‍ നിന്നു സഭയ്ക്കും സന്നദ്ധസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ്സുകള്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സഭയ്ക്കു ലഭിക്കുന്ന ഫണ്ടുകള്‍ മതപരിവര്‍ത്തനം നടത്താന്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

ക്രൈസ്തവ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്‍റെ മറ്റൊരു നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2014 ല്‍ ജാര്‍ഘണ്ടില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തിനെതിരായ നീക്കങ്ങള്‍ ശക്തമാക്കുകയാണ്. വ്യാജ ആരോപണങ്ങളുടെ പേരില്‍ വൈദികരെയും സന്യാസിനികളെയും വിശ്വാസികളെയും പൊലീസ് അറസ്റ്റു ചെയ്യുന്ന അവസ്ഥയുണ്ട്. ശിശുവിന്‍റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് മിഷനറീ സ് ഓഫ് ചാരിറ്റി സഭയിലെ ഒരു കന്യാസ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരിക്കുകയാണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അന്വേഷിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

സഭയുടെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റി ശരിയായ അന്വേഷണം നടത്തുന്നതില്‍ അപാകതയില്ലെന്ന് ബിഷപ് മസ്കരിനാസ് പറഞ്ഞു. സഭയ്ക്കു ലഭിക്കുന്ന സംഭാവനകള്‍ ബാങ്കുകള്‍ വഴിയാണു സ്വീകരിക്കുന്നത്. സര്‍ക്കാരിന്‍റെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് അവ നടത്തുന്നതും. നിക്ഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ ക്രൈസ്തവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ മാത്രം അന്വേഷിക്കുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ സന്നദ്ധ സംഘടനകളുടെയും സാമ്പത്തിക ക്രയവിക്രയങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേയെന്നും ബിഷപ് ചോദിച്ചു.

അന്വേഷണത്തെക്കുറിച്ച് ആശങ്കയോ ഭയമോ ഇല്ലെന്ന് ഗുല്‍മ രൂപതയുടെ വികാരി ജനറല്‍ ഫാ. സിപ്രിയന്‍ കുല്ലു വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പൂര്‍ണ അറിവോടെ മാത്രമാണ് വിദേശസഹായങ്ങള്‍ ലഭിക്കുന്നത്. അതിലെ നയാ പൈസയ്ക്കു പോലും കൃത്യമായ കണക്കുണ്ട്. സര്‍ക്കാരിന്‍റെ ഈ നയങ്ങള്‍ മൂലം ദരിദ്രജനവിഭാഗങ്ങളാണ് കഷ്ടപ്പെടാന്‍ പോകുന്നത് — അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ അവകാശാധികാരങ്ങളെക്കുറിച്ചു ബോധവാന്മാരായ ദരിദ്രരെയും ആദിവാസികളെയും ദളിതരെയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതുകൊണ്ടാണ് ക്രൈസ്തവര്‍ നോട്ടപ്പുള്ളികളാകുന്നതെന്നും ഫാ. കുല്ലു പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org