ജാര്‍ഘണ്ട് വിദേശ സഹായധനം: ക്രൈസ്തവ നേതാക്കള്‍ ഗവര്‍ണര്‍ക്കു നിവേദനം നല്‍കി

ജാര്‍ഘണ്ടില്‍ വിദേശ സഹായം ലഭിക്കുന്നതില്‍ ക്രൈസ്തവരെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന സര്‍ക്കാരിന്‍റെ നിലപാടിനെ ചോദ്യം ചെയ്തും അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ക്രൈസ്തവ നേതാക്കള്‍ ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. സഹായ മെത്രാന്‍ ടെലസ്ഫോര്‍ ബിലുങ്ങിന്‍റെ നേതൃത്വത്തില്‍ നാലംഗ പ്രതിനിധികളാണ് ഗവര്‍ണര്‍ ദ്രൗപതി മര്‍മുവിനെ സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് അഞ്ഞൂറോളം സന്നദ്ധ സംഘടനകള്‍ വിദേശ സഹായം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ 88 ക്രൈസ്തവ സംഘടനകളെ മാത്രം അന്വേഷണ പരിധിയിലാക്കി മതപരിവര്‍ത്തനത്തിനു വിദേശ സഹായം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇത്തരത്തില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ വേര്‍തിരിച്ചു നടത്തുന്ന അന്വേഷണം സര്‍ക്കാരിന്‍റെ വിവേചനാധികാരത്തെ മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണെന്ന് നിവേദനത്തില്‍ പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ക്രിസ്ത്യാനികള്‍ക്കെതിരെ നൂറു കണക്കിന് അതിക്രമങ്ങളാണ് ജാര്‍ഘണ്ടില്‍ റിപ്പോട്ടു ചെയ്തിട്ടുള്ളത്. മതപരിവര്‍ത്തനത്തിന്‍റെ വ്യാജ ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ പോലീസ് കേസുകളെടുക്കുകയും ചെയ്യുന്നു. ക്രൈസ്തവസഭയും സംഘടനകളും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണം ഔദ്യോഗികമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org