സിംബാബ്വെയിലെ അല്മായമിഷണറിയുടെ നാമകരണ നടപടികളാരംഭിക്കുന്നു

സിംബാബ്വെയിലെ അല്മായമിഷണറിയുടെ നാമകരണ നടപടികളാരംഭിക്കുന്നു

1970-കളില്‍ സിംബാബ്വേയില്‍ സേവനം ചെയ്ത അല്മായ മിഷണറിയായ ജോണ്‍ ബ്രാഡ്ബേണിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സഭ തുടക്കമിട്ടു. നടപടികള്‍ വിജയത്തിലെത്തിയാല്‍ ഈ ആഫ്രിക്കന്‍ രാജ്യത്തു നിന്നുള്ള ആദ്യത്തെ വിശുദ്ധനായിരിക്കും ഇദ്ദേഹം. 1979-ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട മിഷണറിയാണ് ബ്രാഡ്ബേണ്‍. ഇംഗ്ലണ്ടില്‍ ആംഗ്ലിക്കന്‍ പുരോഹിതന്‍റെ മകനായി ജനിച്ച ബ്രാഡ്ബേണ്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സൈനികനായിരുന്നു. 1947-ല്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. തുടര്‍ന്ന് ലോകമെങ്ങും ചുറ്റിസഞ്ചരിക്കാന്‍ തുടങ്ങി. 1956-ല്‍ ഫ്രാന്‍സിസ്കന്‍ അല്മായസഭയില്‍ ചേര്‍ന്നു. 16 വര്‍ഷത്തെ അലച്ചിലുകള്‍ക്കു ശേഷം 1962-ല്‍ അദ്ദേഹം ഇന്നത്തെ സിംബാബ്വെയിലെത്തി. അവിടെ കണ്ട ഒരു ഫ്രാന്‍സിസ്കന്‍ വൈദികനോട് അദ്ദേഹം മൂന്നു ആഗ്രഹങ്ങള്‍ അറിയിച്ചു. കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക, രക്തസാക്ഷിയായി മരിക്കുക, വി.ഫ്രാന്‍സിസിന്‍റെ സന്യാസവസ്ത്രത്തില്‍ മരിച്ചടക്കപ്പെടുക എന്നിവയായിരുന്നു അവ. ജീവിതത്തിന്‍റെ അവസാനത്തെ പത്തു വര്‍ഷം അദ്ദേഹം ഒരു കുഷ്ഠരോഗകോളനിയിലാണു ചിലവഴിച്ചത്. സിംബാബ്വെയുടെ സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായ യുദ്ധം രൂക്ഷമായപ്പോള്‍ വെള്ളക്കാരായ എല്ലാ മിഷണറിമാരോടും രാജ്യംവിടാന്‍ നിര്‍ദേശിക്കപ്പെട്ടു. എല്ലാവരും പോയെങ്കിലും കുഷ്ഠരോഗികളെ സേവിക്കുകയായിരുന്ന ബ്രാഡ്ബേണ്‍ കോളനി വിട്ടുപോകാന്‍ വിസമ്മതിച്ചു. കോളനിയിലെ കൊച്ചുകുടിലില്‍ സേവനവും കവിതയെഴുത്തും ഹാര്‍മോണിയം വായനയുമായിത്തുടര്‍ന്ന അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. ആഗ്രഹിച്ചിരുന്നതുപോലെ ഫ്രാന്‍സിസ്കന്‍ സന്യാസവസ്ത്രത്തില്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ മൃതദേഹം അടക്കം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org