വിവാഹത്തിനും കുടുംബത്തിനുമുള്ള ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിഷ്കരണം

വിവാഹത്തിനും കുടുംബത്തിനുമുള്ള ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിഷ്കരണം

വിവാഹത്തിനും കുടുംബത്തിനും വേണ്ടിയുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവു പുറപ്പെടുവിച്ചു. വിവാഹത്തെയും കുടുംബത്തെയും ശാസ്ത്രീയ കാഴ്ചപ്പാടില്‍ പഠനവിധേയമാക്കുന്ന ഒരു സ്ഥാപനമെന്ന നിലയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്യുന്നത്. 'വിവാഹ-കുടുംബ ശാസ്ത്രങ്ങള്‍ക്കുള്ള ദൈവശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട്' എന്ന് അതിന്‍റെ പേരും പരിഷ്കരിച്ചു. 1981-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇത് സ്ഥാപിച്ചത്.

1980-ല്‍ കുടുംബം പ്രമേയമായി ചേര്‍ന്ന ആഗോള മെത്രാന്‍ സിനഡിന്‍റെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. ശരീരത്തിന്‍റെ ദൈവശാസ്ത്രം എന്ന പേരില്‍ താന്‍ വികസിപ്പിച്ച വിജ്ഞാനശാഖയുടെ വികസനവും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ലക്ഷ്യമായിരുന്നു. റോമിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനമെങ്കിലും അമേരിക്ക, നൈജീരിയ, സ്പെയിന്‍, ബ്രസീല്‍, മെക്സിക്കോ, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെല്ലാം ക്യാംപസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ സാംസ്കാരിക മാറ്റങ്ങളുടെയും കുടുംബങ്ങള്‍ നേരിടുന്ന പുതിയ വെല്ലുവിളികളുടേയും വെളിച്ചത്തില്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചിന്തകളുടെ ഫലദായകത്വവും പ്രസക്തിയും കൂടുതല്‍ പ്രചരിപ്പിക്കാനും അംഗീകരിക്കാനുമാണ് സ്ഥാപനത്തിനു പുതിയ മുഖം നല്‍കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. തലമുറകളുടേയും സൃഷ്ട പ്രപഞ്ചത്തിന്‍റേയും കരുതലിനായി സ്ത്രീപുരുഷന്മാര്‍ തമ്മിലുണ്ടാക്കുന്ന അടിസ്ഥാനപരമായ സഖ്യവുമായി ബന്ധപ്പെട്ട ശാസ് ത്രീയ പഠനങ്ങള്‍ നടത്തുവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നു.

ഭരണപരമായി വത്തിക്കാനില്‍ നടന്നു വരുന്ന പരിഷ്കരണങ്ങളും ഈ മാറ്റത്തിനു പിന്നിലുണ്ടെന്നു കരുതപ്പെടുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കത്തോലിക്കാ വിദ്യാഭ്യാസ കാര്യാലയം, അല്മായ-കുടുംബ-ജീവ കാര്യാലയം എന്നിവയുമായി ബന്ധപ്പെട്ടാകും പ്രവര്‍ത്തിക്കുക. അക്കാദമിക കാര്യങ്ങളില്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ കീഴിലാകും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. അദ്ധ്യാപനം, ഭരണം തുടങ്ങിയ കാര്യങ്ങളില്‍ ഈ കാര്യാലയങ്ങളുടെ പ്രവര്‍ത്തകരെയാവും ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി ഉപയോഗപ്പെടുത്തുക. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ ബിരുദവും മറ്റു യോഗ്യതകളുമാകും ലഭിക്കുക. പുതിയ സംവിധാനം നടപ്പില്‍ വരുന്നതു വരെ മാത്രമാകും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇപ്പോഴത്തെ ഭരണാധികാരികള്‍ ഇതിന്‍റെ തലപ്പത്തുണ്ടാകുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org