ജാര്‍ഘണ്ടില്‍ ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ മനുഷ്യച്ചങ്ങല

ജാര്‍ഖണ്ഡില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ 20 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. റാഞ്ചി, ഗുംല, സിംദേഗ, ബൊക്കാറോ, ജംഷെഡ്പൂര്‍, ഗുണ്ഡി എന്നീ ആറ് നഗരങ്ങളിലായി ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫോറമായ രാഷ്ട്രീയ ഇസൈ മഹാസംഘ് ആണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ക്രൈസ്തവര്‍ നിരന്തരം ആക്രമിക്കപ്പെടുകയും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ പലവിധ ആരോപണങ്ങളുയര്‍ത്തി റെയ്ഡ് അടക്കമുള്ള ദ്രോഹനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി മനുഷ്യച്ചങ്ങല തീര്‍ത്തത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രൈസ്തവരെ വ്യാജ ആരോപണങ്ങളുടെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്യുകയാണ്. ക്രൈസ്തവ കൂട്ടായ്മകളില്‍ റെയ്ഡുകളും നടത്തുന്നു. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഉപദ്രവങ്ങളാണിതെന്നാണ് സഭാ നേതാക്കളുടെ ആരോപണം. സഭാ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ ഹാജരാക്കണമെന്നു നിഷ്കര്‍ഷിച്ച സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. 80-ലധികം ക്രൈസ്തവ സംഘടനകള്‍ക്ക് വിദേശങ്ങളില്‍ നിന്നു ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ്സുകള്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സഭയ്ക്കു ലഭിക്കുന്ന ഫണ്ടുകള്‍ മതപരിവര്‍ത്തനം നടത്താന്‍ ഉപയോഗിക്കുന്നുവെന്നതാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ജാര്‍ഘണ്ടില്‍ മദര്‍ തെരേസയുടെ സന്യാസിനികള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് ഒരു ശിശുവിനെ ദത്തു നല്‍കിയതു സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചു സഭയുടെ വിശദീകരണം നല്‍കപ്പെട്ടെങ്കിലും മിഷനറികളെയും വൈദികരെയും ഉപദ്രവിക്കുന്ന സമീപനമാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ജാര്‍ഘണ്ടില്‍ പുതിയതായി സര്‍ക്കാര്‍ പ്രാബല്യത്തിലാക്കാന്‍ ശ്രമിക്കുന്ന നിയമമനുസരിച്ച് ആദിവാസി വിഭാഗങ്ങള്‍ ഹിന്ദുമതമല്ലാതെ മറ്റേതെങ്കിലും വിശ്വാസം സ്വീകരിച്ചാല്‍ അവരുടെ സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയുമുണ്ട് സംവരണപ്രകാരം ജോലി ലഭിച്ചവര്‍ക്കും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നവര്‍ക്കും അവയെല്ലാം നഷ്ടപ്പെടും. ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി ക്രൈസ്തവരായ ആദിവാസികളെയും മറ്റും ഹിന്ദുമതത്തിലേക്കു തിരികെ കൂട്ടാനാണ് നിയമം പ്രാബല്യത്തിലാക്കുന്നത്. ഇത്തരത്തില്‍ പല പ്രകാരത്തില്‍ ക്രൈസ്തവ പീഡനം തുടരുന്നതിനെതിരെ ഉയരുന്ന ജനരോഷം കണ്ടില്ലെന്നു നടിക്കുകയാണ് സര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ട മനുഷ്യച്ചങ്ങല ദേശവ്യാപകമായിത്തന്നെ ശ്രദ്ധ നേടുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org