ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിച്ചു

ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിച്ചു
Published on

മറ്റുള്ളവരെ നോക്കി പുഞ്ചിരിച്ചാല്‍ അവര്‍ നമ്മെയും നോക്കി ചിരിക്കും – സുപ്രിം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് യാത്രയയപ്പു വേളയില്‍ തന്‍റെ സഹപ്രവര്‍ത്തകരോടും അഭിഭാഷകരോടുമായി പറഞ്ഞു. ചിരിയിലൂടെ ജീവിതം സാര്‍ത്ഥകമാക്കാമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ യാത്രയയപ്പു സമ്മേളനത്തില്‍ അദ്ദേഹം അനുസ്മരിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. വളരെ സമുന്നതനും പ്രശസ്തനും സുസ്മേരവദനനുമായ ജഡ്ജിയാണു ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്കി അഭിപ്രായപ്പെട്ടു. അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വികാസ് സിംഗ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സുപ്രിം കോടതിയിലെ സീനിയോറിറ്റിയില്‍ മൂന്നാമനായ ജസ്റ്റിസ് കുര്യന്‍ ജോസഫ് 2013 മാര്‍ച്ച് എട്ടിനാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ കാലടി താന്നിപ്പുഴ ഇടവകാംഗമായ ഇദ്ദേഹം മുന്‍പ് ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസായിരുന്നു. 2001 ജൂലൈ 12 നു കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. രണ്ടു തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസായിട്ടുണ്ട്. സുപ്രീം കോടതിയിലെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 1034 വിധി ന്യായങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റവുമധികം വിധിന്യായങ്ങള്‍ എഴുതിയ പത്തു ജഡ്ജിമാരുടെ പട്ടികയിലെത്തിയ ആദ്യമലയാളിയായ അദ്ദേഹം പല സുപ്രധാന വിധികളും എഴുതിയിട്ടുണ്ട്. മുത്തലാക്ക് ഭരണ ഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമന്‍റെ മരണവാറന്‍റ് റദ്ദാക്കിയ ബെഞ്ചിലും അംഗമായിരുന്നു. വിവാഹമോചന കേസുകള്‍ മധ്യസ്ഥത നിന്നു ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളിലൂടെയും ശ്രദ്ധേയനായി. വിരമിക്കുന്നതിനു തൊട്ടുമുമ്പ് വധശിക്ഷയ്ക്കു നിയമസാധുത നല്‍കിയ മൂന്നംഗ ബെഞ്ചില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് വധശിക്ഷ ആവശ്യമില്ലെന്ന നിലപാടാണെടുത്തത്. വധ ശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്ന നിയമ കമ്മീഷന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യത്തിലുള്ള തന്‍റെ വിയോജിപ്പ് വ്യക്തമാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org