ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കണം: ഡി.സി.എം.എസ്.

ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കണം: ഡി.സി.എം.എസ്.

തിരുവനന്തപുരം: ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍  ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ദളിത് കത്തോലിക്കാ മഹാജന സഭ (ഡി.സി.എം.എസ്.)ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസിന് അനുകൂലമായ മറുപടി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണമെന്നും ഇതിനു സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യണമെന്നും ഡി.സി.എം.എസ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീതിഞായര്‍ ആചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത ഡി.സി.എം.എസ്. ഡയറക്ടര്‍ ഫാ. ടോണി ഹാംലെറ്റ് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ഡി.സി.എം. എസ്. മുന്‍ സംസ്ഥാന ഡയറക്ര്‍ ഫാ. ജോസ് വടക്കേക്കൂറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് തോമസ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് അമ്പി കുളത്തൂര്‍, ഷാജി ചാഞ്ചിക്കല്‍, വില്‍സണ്‍ കെ.ജി. എന്നിവര്‍ പ്രസംഗിച്ചു. ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷന്‍ ശിപാര്‍ശയും സുപ്രീംകോടതി കേസ്സും എന്ന വിഷയത്തെ ആസ്പദമാക്കി മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ ക്ലാസ്സ് നയിച്ചു. മുന്‍ ഡി.സി.എം.എസ്. സംസ്ഥാന പ്രസിഡന്‍റുമാരായ സി.സി. കുഞ്ഞുകൊച്ച്, പി.ഒ. പീറ്റര്‍, റ്റി.ജെ. എബ്രഹാം എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

വൈകീട്ട് നടന്ന നീതിഞായര്‍ സമ്മേളനം തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതാ സഹായ മെത്രാന്‍ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ജെയിംസ് ഇലവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. എസ്.സി/എസ്. റ്റി/ബി.സി. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിയ്ക്കന്‍ സന്ദേശം നല്‍കി. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം മലങ്കര അതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ക്കി ആറ്റുപുറത്ത് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. സംസ്ഥാന ഖജാന്‍ജി ജോര്‍ജ് എസ്. പള്ളിത്തറ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ് കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, വൈസ്പ്രസിഡന്‍റ് എന്‍.ഡി സെലിന്‍, ജസ്റ്റിന്‍ മാത്യു, എ.പി. മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org