സമൂഹ സ്പന്ദനങ്ങള്‍ക്കനുസൃതം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാകണം : ജസ്റ്റിസ് എബ്രഹാം മാത്യു

സമൂഹ സ്പന്ദനങ്ങള്‍ക്കനുസൃതം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാകണം : ജസ്റ്റിസ് എബ്രഹാം മാത്യു

ഭാരതത്തിന്‍റെ സാമൂഹ്യസാഹചര്യങ്ങളില്‍ സഭ നടത്തിയിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ഇത്തരം സേവനങ്ങള്‍ ചെറുതായി കാണാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്മെന്‍റ് നെറ്റ്വര്‍ക്ക് സ്പന്ദന്‍ കൊച്ചി പിഒസിയില്‍ സംഘടിപ്പിച്ച സീറോ മലബാര്‍ സഭയിലെ സാമൂഹ്യ ശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദഹം. എല്ലാ വിഭാഗങ്ങളിലേക്കും സഭയുടെ സേവനങ്ങള്‍ എത്തണം. നിക്ഷിപ്ത അജണ്ടകളുള്ള സേവനപദ്ധതികള്‍ ഉചിതമല്ല. സമൂഹത്തിന്‍റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞു സഭയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ സജീവമാക്കാനും ഏകോപിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്പന്ദന്‍ സിനഡല്‍ കമ്മിറ്റി ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സിനഡല്‍ കമ്മിറ്റി അംഗങ്ങളായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ബിഷപ് മാര്‍ ആന്‍റണി കരിയില്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. മൈക്കിള്‍ വെട്ടിക്കാട്ട്, സിസ്റ്റര്‍ ആലിസ് എന്നിവര്‍ പ്രസംഗിച്ചു. കാരിത്താസ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി വിഷയാവതരണം നടത്തി. സ്പന്ദന്‍ കമ്മിറ്റി അംഗം ഫാ. തോമസ് നടക്കലാന്‍, സിഎംസി സോഷ്യല്‍ വര്‍ക്ക് ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജാന്‍സീന, സീറോ മലബാര്‍ സഭ പിആര്‍ഒ സിജോ പൈനാടത്ത്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പ്രസംഗിച്ചു. സഭയിലെ വിവിധ രൂപതകളിലെയും സന്യസ്ത സമൂഹങ്ങളിലെയും സാമൂഹ്യസേവന വിഭാഗങ്ങളുടെ ഡയറക്ടര്‍മാര്‍ ദേശീയ നേതൃസംഗമത്തില്‍ പങ്കെടുത്തു.

ക്രിസ്തുവിന്‍റെയും സഭയുടെയും മുഖങ്ങള്‍ സമന്വയിപ്പിക്കുന്ന കണ്ണിയായി സാമൂഹ്യശുശ്രൂഷകള്‍ മാറേണ്ടതുണ്ടെന്നു സംഗമത്തില്‍ സമാപന സന്ദേശം നല്‍കിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബി ഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ സാമൂഹ്യസേവനങ്ങള്‍ ക്രൈസ്തവസാക്ഷ്യത്തിനുള്ള മഹത്തായ അവസരങ്ങളാണ്. ഭാരതസഭയുടെ പൊതുവായ സാമൂഹ്യശുശ്രൂഷകളോടു ചേര്‍ന്നു സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്മെന്‍റ് നെറ്റ്വര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org