മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം: ജസ്റ്റിസ് സിറിയക് ജോസഫ്

മാന്യതയുടെയും ധാര്‍മ്മികതയുടെയും പരിധികള്‍ ലംഘിക്കാതിരിക്കാന്‍, മറ്റുള്ളവരുടെ സല്‍പ്പേരു തകര്‍ക്കാതിരിക്കാന്‍, മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പടച്ചുണ്ടാക്കാതിരിക്കാന്‍, മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം എര്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. 'മാധ്യമ സ്വതന്ത്ര്യവും കേരളസമൂഹവും' എന്ന വിഷയത്തില്‍ പിഒസിയില്‍ നടന്ന സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്കുന്ന മൗലീക സ്വാതന്ത്ര്യമാണ്. ജനാധിപത്യത്തിന്‍റെ സംസ്ഥാപനത്തിനും സംരക്ഷണത്തിനും മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റു പല തലങ്ങളിലെന്നപോലെ മാധ്യമരംഗത്തും അപചയം സംഭവിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗം മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രഫഷണല്‍ എത്തിക്സ്' ഇല്ലാത്തതാണ് മലയാള മാധ്യമരംഗത്തെ അരാജകത്വത്തിനു കാരണമെന്നും, പൗരന്‍റെ അന്തസ്സിനെ ഹനിക്കുന്നതും ജനാധിപത്യ സ്ഥാപനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നതുമായ മാധ്യമ പ്രവര്‍ത്തനം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിഷയാവതരണം നടത്തിയ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഒരു ശരാശരി പൗരനുള്ളതില്‍ക്കവിഞ്ഞ അവകാശങ്ങള്‍ മാധ്യമപ്രവര്‍ത്തകനുണ്ട് എന്നത് മിഥ്യാധാരണയാണ്. എന്തും പറയാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും ഇല്ലാത്തതുകൊണ്ട് മാധ്യമ പ്രവര്‍ത്തകനുമില്ല. അനിയന്ത്രിതമായ സ്വാതന്ത്ര്യം അരാജകത്വമുണ്ടാക്കും. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തുന്നില്ലെങ്കില്‍, മാധ്യമ അരാജകത്വമുണ്ടാകും.

സാമൂഹ്യമാധ്യമങ്ങളുയര്‍ത്തുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ മുഖ്യധാരാമാധ്യമങ്ങള്‍ ക്ലേശിക്കുന്ന സാഹചര്യമാണുള്ളതെന്നും മാധ്യമങ്ങളെ വരുതിക്കു നിര്‍ത്താനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയവും മതപരവുമായ കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച മാതൃഭൂമി സീനിയര്‍ എഡിറ്റര്‍ വി. ജയകുമാര്‍ പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കാനുള്ള പൗരന്‍റെ അവകാശം സംരക്ഷിക്കാനാണ് മാധ്യമങ്ങള്‍ പരിശ്രമിക്കുന്നതെന്ന് മനോരമ ചാനല്‍ സീനിയര്‍ എഡിറ്റര്‍ റോമി മാത്യു പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, ഫാ. മില്‍ട്ടന്‍ കളപ്പുരയ്ക്കല്‍. ഫാ. ജോസ് കരിവേലിക്കല്‍, ഡോ. കൊച്ചുറാണി ജോസഫ്, ജെക്കോബി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org