Latest News
|^| Home -> National -> ഭീകരവാദത്തിനെതിരെ സന്മനസ്സുള്ള സകലരും കൈകോര്‍ക്കണം: കെ സി ബി സി

ഭീകരവാദത്തിനെതിരെ സന്മനസ്സുള്ള സകലരും കൈകോര്‍ക്കണം: കെ സി ബി സി

Sathyadeepam

നന്മയുടെ വര്‍ദ്ധനവും ധര്‍മത്തിന്‍റെ സംസ്ഥാപനവും ദൈവം സാദ്ധ്യമാക്കുന്നത് നല്ലവരായ മനുഷ്യരുടെ ഇടപെടലുകളിലൂടെയാണെന്നും ഭീകരവാദത്തിന്‍റെ പ്രത്യയശാസ്ത്രക്കാര്‍ക്ക് അടിയറവു പറയാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനത്തോടെ സന്മനസ്സുള്ള സകലരും കൈകോര്‍ത്തുപിടിക്കേണ്ട സമയമാണിതെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി അനുസ്മരിപ്പിച്ചു. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മതതീവ്രവാദികളുടെ മാനസാന്തരത്തിനും കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും വേണ്ടി കെസിബിസി ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ക്രൈസ്തവസമൂഹത്തിനു നേരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ സത്വരശ്രദ്ധയും അടിയന്തര ഇടപെടലും ഉണ്ടാകേണ്ടതുണ്ടെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. “വെളിച്ചത്തെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല” എന്ന ബൈബിള്‍ വചനം ലോകമനഃസാക്ഷിയുടെ സൂര്യന്‍ ഇരുണ്ടുപോകുന്ന ഭീകര വീക്ഷണങ്ങളുടെ പശ്ചാത്തലത്തിലും വലിയ പ്രത്യാശയുടെ പ്രകാശധാരയായി വര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള തീവ്രവാദികള്‍ക്കു മാനസാന്തരമുണ്ടാകാനും നമുക്ക് പ്രാര്‍ത്ഥിക്കാം. മതത്തിന്‍റെയും വംശത്തിന്‍റെയും പേരില്‍ കൊല്ലും കൊലയും ശീലമാക്കിയ കഠിനഹൃദയങ്ങള്‍ അലിയണം. അവയെ അത്തരത്തില്‍ പാകപ്പെടുത്തുന്ന വിദ്വേഷത്തിന്‍റെ ആശയ സംഹിതകള്‍ ഇല്ലാതായിത്തീരണം. “ശത്രുവിനെ സ്നേഹിക്കുക” എന്നു പഠിപ്പിക്കുകയും “പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല; ഇവരോട് പൊറുക്കണമേ” എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്ത ക്രിസ്തുവിനെ തള്ളിക്കളഞ്ഞ്, “കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്” എന്ന യഹൂദരുടെ ആനുപാതിക നീതിക്കും മുമ്പുള്ള, മൃഗീയവും പൈശാചികവുമായ കിരാതത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് മതഭീകരത. ക്രിസ്തു സമ്മാനിച്ച സംസ്കാരസമ്പന്നതയില്‍ നിന്ന് മനുഷ്യകുലത്തെയും ചരിത്രത്തെയും അനേകം കാതം പിന്നോട്ടടിക്കുന്ന വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും സംസ്കാരശൂന്യതയ്ക്ക് അറുതിവരുക തന്നെ വേണം.

ശ്രീലങ്കയില്‍ കൊല്ലപ്പെട്ട നിഷ്കളങ്കരായ മനുഷ്യരോടും ദുരിതമനുഭവിക്കുന്ന സഹജീവികളോടും നമുക്ക് ആത്മീയമായും മാനസികമായും ഐക്യപ്പെട്ടിരിക്കാം. നീതിയുടെ നിലവിളികള്‍ ഉയരുന്ന നിരപരാധികളുടെ ശവക്കൂനകള്‍ പുതിയ മാനവികതയുടെയും സാഹോദര്യ-സഹവര്‍ത്തിത്വങ്ങളില്‍ അധിഷ്ഠിതമായ പുതിയ മതാത്മകതയുടെയും വളക്കൂറുള്ള മണ്ണായി ഭവിക്കട്ടെ. ദൈവത്തിന്‍റെ കൃപ കൂടാതെ ആര്‍ക്കും നന്മ-തിന്മകളെ വിവേചിച്ചറിയാനോ ദൈവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ നന്മയില്‍ സ്ഥായിയായി ഉറച്ചു നില്ക്കാനോ സാധിക്കുകയില്ല. തിന്മയുടെയും പൈശാചികതയുടെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് തീവ്രവാദികളുടെ മനസ്സുകള്‍ക്ക് മോചനം ലഭിക്കാന്‍ ദൈവം അവരുടെമേല്‍ നിസ്സീമമാംവിധം കരുണ ചൊരിയട്ടെ – കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം, വൈസ്പ്രസിഡന്‍റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

Leave a Comment

*
*