കഥാവിശേഷങ്ങളുമായി സാഹിത്യ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍

കഥാവിശേഷങ്ങളുമായി സാഹിത്യ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍

അങ്ങാടിപ്പുറം: തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ അവര്‍ ഒത്തുചേര്‍ന്നു, അക്കാദമി പ്രസിഡന്‍റും എഴുത്തുകാരനുമായ വൈശാഖനൊപ്പം. പുറത്തു താളമിട്ടു പെയ്യുന്ന മഴയ്ക്കൊപ്പം അകത്തു വൈലോപ്പിള്ളി ഹാളില്‍ കഥയുടെ പൂമഴപ്പെയ്ത്ത്. പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരാണ് 'എഴുത്തിന്‍റെ വഴിയേ…' പഠനയാത്രയുടെ ഭാഗമായി അക്കാദമിയിലെത്തിയത്.

തന്‍റെ കഥാനുഭവങ്ങളും എഴുത്തിന്‍റെ 'രാസപ്രക്രിയ' കളും വൈശാഖന്‍ കുട്ടികളുമായി പങ്കിട്ടു. "ഉള്ളുണര്‍ത്തുന്നതാണു സാഹിത്യം. അത് ഒരേസമയം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. അസ്വസ്ഥതകളുടെ പ്രകടനമാണ് എഴുത്ത്. പുതുവഴികള്‍ കണ്ടെത്താനുള്ള കഴിവാണു സര്‍ഗാത്മകത. ഭാവന നമ്മുടെ ലോകത്തെയാകെ മാറ്റും. വായന ജീവിതപ്രതിസന്ധികളെ മറികടക്കാനുള്ള മരുന്നാണ്" – വൈശാഖന്‍ പറഞ്ഞു.

അക്കാദമിയിലെ വിവിധ ഹാളുകളില്‍ പ്രദര്‍ശിപ്പിച്ച സാഹിത്യ കുലപതികളുടെ ഛായാചിത്രങ്ങള്‍ കുട്ടികള്‍ കണ്ടു. ഓരോ എഴുത്തുകാരനെയും വൈശാഖന്‍ അവര്‍ക്കു പരിചയപ്പെടുത്തി. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ വിശദമാക്കി. ശക്തന്‍തമ്പുരാന്‍ കൊട്ടാരവും മ്യൂസിയവും ഉള്‍പ്പെടെ സാംസ്കാരികനഗരത്തിന്‍റെ നന്മകള്‍ കണ്ടും കേട്ടും അനുഭവിച്ചുമായിരുന്നു യാത്ര.

വിദ്യാരംഗം കോഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, സേവ്യര്‍ എം. ജോസഫ്, ജിനു ജോയി, റിയാസ് കോയിക്കാട്ടില്‍, സി.എ. അനൂപ്, ഭാരവാഹികളായ പി. റിന്‍ഷിദ ജാസ്മിന്‍, മമത റോസ്, റമീസ് കരുണാകരത്ത് എന്നിവര്‍ മുഖാമുഖം പരിപാടിക്കു നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org