വിശ്വാസികളുടെ മടക്കത്തില്‍ നന്ദിയുമായി കല്‍ദായ കത്തോലിക്കാ സിനഡ്

കല്‍ദായ കത്തോലിക്കാസഭയുടെ സൂനഹദോസ് ഇറാഖിലെ ബാഗ്ദാദില്‍ നടന്നു. യുദ്ധംമൂലം ചിതറിപ്പോയ കത്തോലിക്കാ വിശ്വാസികള്‍ നിനവേ പ്രദേശത്തെ സ്വന്തം പട്ടണങ്ങളിലേയ്ക്കു മടങ്ങി വരുന്നതില്‍ സിനഡ് പിതാക്കന്മാര്‍ നന്ദി പ്രകാശിപ്പിച്ചു. ഇറാഖിനു പുറമെ അമേരിക്ക, ഇറാന്‍, സിറിയ, ലെബനോന്‍, കാനഡ, ആസ്ത്രേലിയ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കല്‍ദായ കത്തോലിക്കാ മെത്രാന്മാര്‍ സിനഡില്‍ സംബന്ധിച്ചു. സഭാദ്ധ്യക്ഷനായ കാര്‍ഡിനല്‍ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാകോ സിനഡില്‍ അദ്ധ്യക്ഷത വഹിച്ചു. നിരവധി മെത്രാന്മാര്‍ക്ക് വിരമിക്കാനുള്ള പ്രായമായ സാഹചര്യത്തില്‍ പുതിയ മെത്രാന്മാരെ സിനഡ് തിരഞ്ഞെടുത്തെങ്കിലും ആരുടേയും പേരുകള്‍ വെളിപ്പെടുത്തിയില്ല. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതിനു ശേഷമേ പേരുകള്‍ പ്രസിദ്ധപ്പെടുത്തുകയുള്ളൂ.

കല്‍ദായ കത്തോലിക്കാ സഭയുടെ പൗരസ്ത്യ തനിമയും സംസ്കാരവും സംരക്ഷിക്കുന്നതിനു യോഗ്യരായ കൂടുതല്‍ വൈദികരേയും സന്യസ്തരേയും സഭയ്ക്കാവശ്യമുണ്ടെന്നു സിനഡ് വിലയിരുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധിനിവേശത്തിനു ശേഷം കഴിഞ്ഞ നാലു വര്‍ഷമായി ഇറാഖിലെ ക്രൈസ്തവരും മറ്റുള്ളവരും അനുഭവിക്കുന്ന സഹനത്തില്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി.

2003-ല്‍ സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുമ്പോള്‍ ഇറാഖില്‍ 15 ലക്ഷം ക്രൈസ്തവരുണ്ടായിരുന്നുവെന്നാണ് കണക്ക്. ഇന്ന് ഇറാഖിലെ ക്രൈസ്തവരുടെ എണ്ണം 4 ലക്ഷത്തിനും 5 ലക്ഷത്തിനുമിടയ്ക്കാണ്. ബാക്കിയുള്ളവര്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. ദേശീയൈക്യത്തിനു വേണ്ടി കാര്‍ഡിനല്‍ സാകോ നടത്തി വരുന്ന പരിശ്രമങ്ങളെ സിനഡ് ശ്ലാഘിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org