കല്‍ദായ പാത്രിയര്‍ക്കീസിനെ നോബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നു

കല്‍ദായ പാത്രിയര്‍ക്കീസിനെ  നോബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നു

കല്‍ദായ കത്തോലിക്കാസഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാകോയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്തു. ഇറാഖി ജനതയും അവിടത്തെ ക്രൈസ്തവരും അനുഭവിക്കുന്ന പീഡനങ്ങളിലേയ്ക്ക് ലോകശ്രദ്ധയാകര്‍ഷിക്കുകയും പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ പേരിലാണ് ഇത്. മുസ്ലീം വിശ്വാസികളും നോബല്‍ സമ്മാനത്തിനു പാത്രിയര്‍ക്കീസിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

സമ്മാനം പ്രധാനമല്ലെങ്കിലും ഇറാഖി ജനതയുടെ മേലുള്ള ലോകശ്രദ്ധ സജീവമായി നിറുത്തുന്നതിനു സഹായിക്കുന്ന ഒരു പ്രതീകാത്മകമൂല്യം ഇതിനുണ്ടാകുമെന്ന് കല്‍ദായ സഭാനേതൃത്വം പ്രതികരിച്ചു. ഇറാഖിലും സിറിയയിലും സംഘര്‍ഷങ്ങള്‍ തുടരുമ്പോള്‍ അതിന്‍റെ പരിഹാരത്തിന് ഈ നാമനിര്‍ദേശവും അനുബന്ധചര്‍ച്ചകളും സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ഇറാഖിലെയും മധ്യപൂര്‍വദേശത്തെയും സഭാനേതൃത്വം. യൂറോപ്പിലെ, വിശേഷിച്ചും ഫ്രാന്‍സിലെ സന്നദ്ധസംഘടനകളും കത്തോലിക്കാസഭയും പാത്രിയര്‍ക്കീസ് സാകോയുടെ നാമനിര്‍ദേശം ദൗത്യമായി ഏറ്റെടുത്തിട്ടുണ്ട്.

2013 ലാണ് കിര്‍കുക് ആര്‍ച്ചുബിഷപ്പായിരുന്ന റാഫേല്‍ സാകോ കല്‍ദായ സഭയുടെ പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്. മതമര്‍ദ്ദനങ്ങളെ തുടര്‍ന്നു ഇറാഖിലെ ക്രൈസ്തവര്‍ രാജ്യം വിട്ടു കൂ ട്ടപ്പലായനം ചെയ്യുന്നതിനെ പാത്രിയര്‍ക്കീസ് ശക്തമായി നിരുത്സാഹപ്പെടുത്തി. മാതൃരാജ്യത്തു തന്നെ കഴിയാന്‍ ക്രൈസ്തവര്‍ക്ക് അവസരമൊരുക്കണമെന്ന് അധികാരികളോടും ഇറാഖിലെ ക്രൈസ്തവസാന്നിദ്ധ്യം ഇല്ലാതാക്കരുതെന്ന് ക്രൈസ്തവരോടും അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇറാഖില്‍ അഹിംസാമാര്‍ഗങ്ങളിലൂടെ സമാധാനസ്ഥാപനത്തിനായി ശ്രമിച്ചു വരുന്ന ക്രൈസ്തവര്‍ക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നോബേല്‍ നാമനിര്‍ദേശമെന്ന് പാത്രിയര്‍ക്കീസ് സാകോ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org