യുവാക്കള്‍ മാധ്യമങ്ങളിലൂടെ മാറ്റത്തിന്‍റെ പ്രകമ്പനം സൃഷ്ടിക്കാന്‍ പ്രാപ്തരായവര്‍: കല്‍പ്പറ്റ നാരായണന്‍

യുവാക്കള്‍ മാധ്യമങ്ങളിലൂടെ മാറ്റത്തിന്‍റെ പ്രകമ്പനം സൃഷ്ടിക്കാന്‍ പ്രാപ്തരായവര്‍: കല്‍പ്പറ്റ നാരായണന്‍

മാനന്തവാടി: മാധ്യമങ്ങളിലൂടെ മാറ്റത്തിന്‍റെ പ്രകമ്പനം സൃഷ്ടിക്കാന്‍ പ്രാപ്തരായവരാണ് ഇന്നത്തെ യുവതലമുറയെന്ന് പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് പൂര്‍ണ്ണമാകണമെങ്കില്‍ ശീലങ്ങളില്‍ നിന്ന് മാറിചിന്തിക്കണം. എങ്കില്‍ മാത്രമേ നീതിനിഷേധം കാണുവാനും അവ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനും സാധിക്കുകയുളളുവെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. യുവജനപ്രകമ്പനം എന്നതായിരിക്കണം ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല വാക്ക് എന്ന് അദ്ദേഹം യുവാക്കളെ ഓര്‍മ്മിപ്പിച്ചു. രണ്ടാമത് മാറ്റൊലി മനുഷ്യാവകാശ മാധ്യമപുരസ്കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു കല്‍പ്പറ്റ നാരായണന്‍. കണ്ണ് തുറന്ന് പിടിച്ച് പുതുമ കണ്ടെത്തുന്നതിനോടൊപ്പം നീതിയുടെ ഭാഗംതന്നെ അവതരിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മംഗളം ചാനല്‍ റിപ്പോര്‍ട്ടര്‍ ജയരാജ് ബത്തേരിയുടെ കനിവ് തേടുന്നവര്‍ എന്ന വാര്‍ത്താ പരമ്പരയാണ് രണ്ടാമത് മാറ്റൊലി മനുഷ്യാവകാശ മാധ്യമ പുരസ്കാരം നേടിയത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി സമ്മാനിച്ചു.

പുരസ്കാര സമര്‍പ്പണത്തോട് അനുബന്ധിച്ച് നട മാധ്യമ ശില്‍പശാലയില്‍ പുല്‍പ്പളളി പഴശ്ശിരാജാ, ലക്കിടി ഓറിയന്‍റല്‍, കല്‍പ്പറ്റ ഗവ. കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രബന്ധം അവതരിപ്പിച്ചു. മാനന്തവാടി മേരി മാതാ കോളജ് മലയാള വിഭാഗം തലവന്‍ ഡോ. ജോസഫ് കെ. ജോ ബ് മോഡറേറ്ററായിരുന്നു. 6 കോളജില്‍ നിന്നായി 200 ഓളം വിദ്യാര്‍ത്ഥികള്‍ ശില്പശാലയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന മാധ്യമ സംവാദത്തിന് എം. കമല്‍, രമേശ് എഴുത്തച്ഛന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രബന്ധം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകുന്ന് മാറ്റൊലിക്കൂട്ടം പ്രതിനിധി ശിവരാമന്‍ മാസ്റ്റര്‍ മെമന്‍റോ വിതരണം ചെയ്തു.

മാറ്റൊലി സ്ഥാപക ഡയറക്ടര്‍ ഡോ. ഫാ. തോമസ് ജോസഫ് തേരകം പുരസ്കാര സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മാറ്റൊലിക്കൂട്ടം പ്രസിഡന്‍റ് ഷാജന്‍ ജോസ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. മനോജ് കാക്കോനാല്‍, ഫാ. സന്തോഷ് കാവുങ്കല്‍, മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് സുരേഷ് തലപ്പുഴ, മാനന്തവാടി മേരി മാതാ കോളജ് അധ്യാപകന്‍ ഡോ. പി.പി. ഷാജു, മാറ്റൊലിക്കൂട്ടം കോഓര്‍ഡിനേറ്റര്‍ ഷാജു പി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org