കന്ധമാല്‍ സന്ദേശം പ്രചരിപ്പിക്കണം കാര്‍ഡിനല്‍ ആലഞ്ചേരി

കന്ധമാല്‍ സന്ദേശം പ്രചരിപ്പിക്കണം കാര്‍ഡിനല്‍ ആലഞ്ചേരി

കന്ധമാലില്‍ സഹനം നേരിടുന്ന ക്രൈസ്തവരോട് കൂടുതല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും അവരുടെ സാക്ഷ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കണമെന്നും സീറോ മലബാര്‍ സഭാദ്ധ്യക്ഷനായ മേജര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി കേരളസഭയോട് ആഹ്വാനം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കര എഴുതിയ, കന്ധമാലിന്‍റെ അവിശ്വസനീയ സാക്ഷ്യം വിവരിക്കുന്ന '21-ാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികള്‍' എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍. തടവറയില്‍ കഴിയുന്ന ഏഴു നിരപരാധികളടക്കമുള്ള കന്ധമാല്‍ ക്രൈസ്തവരുടെ സാക്ഷ്യവും സഹനവും ആന്‍റോ അക്കര അടുത്തറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നു കാര്‍ഡിനല്‍ പറഞ്ഞു. "ഇതു മഹത്തായ സുവിശേഷവത്കരണ പ്രവര്‍ത്തനമാണ്. ഈ ഗ്രന്ഥം നമ്മെ സംബന്ധിച്ചു വലിയ പ്രസക്തിയുള്ളതാണ്. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ നമുക്കു കടമയുണ്ട്" – കാര്‍ഡിനല്‍ ആലഞ്ചേരി പറഞ്ഞു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കു മുമ്പില്‍ ഗ്രന്ഥകാരന്‍റെ രചനയെ കാര്‍ഡിനല്‍ പരിചയപ്പെടുത്തി. നാല്‍പതിലേറെ കത്തോലിക്കാ മെത്രാന്മാരും 150 സന്യാസസഭാമേലധികാരികളും സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org