കന്ദമാലിലെ സഹവാസം വിശ്വാസം വര്‍ദ്ധിപ്പിച്ചെന്നു സെമിനാരി വിദ്യാര്‍ത്ഥികള്‍

ഒറീസയിലെ കന്ദമാല്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരും സന്യസ്തരും വിശ്വാസികളും, ദൈവശാസ്ത്രജ്ഞരും, യുവാക്കളുമെല്ലാം വിശ്വാസത്തിനു വേണ്ടി ജീവനര്‍പ്പിച്ചവരുടെ സ്മരണകള്‍ക്കു മുന്നില്‍ നമിക്കുമ്പോള്‍ തങ്ങളുടെ വിശ്വാസം കൂടുതല്‍ തീക്ഷ്ണതയില്‍ പ്രഘോഷിക്കാനുള്ള ഊര്‍ജവും പ്രചോദനവും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ഈ അടുത്ത് ഒറീസയിലെ സാംബല്‍പൂരിലുള്ള ക്രിസ്തുജ്യോതി മഹാവിദ്യാലയത്തില്‍ നിന്നുള്ള പതിനഞ്ചു ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ കന്ദമാല്‍ സന്ദര്‍ശിച്ച് നാലു ദിവസം അവിടെ ചെലവഴിക്കുകയുണ്ടായി. മൂന്നു പേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞ് കന്ദമാലില്‍ ഇരകളായവരുടെ ഭവനങ്ങളിലാണവര്‍ താമസിച്ചത്. "നാലു ദിവസത്തെ കന്ദമാലിലെ സഹവാസം എന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്തു" — ഹാന്‍സന്‍ ഡിസൂസയെന്ന വൈദികാര്‍ത്ഥി പറഞ്ഞു.

ടിയാന്‍ഗിയ, നന്ദഗിരി, പിരിഗോഡ, മണ്ടാകിയ, ഗുഡ്രിഗുഡ എന്നിങ്ങനെ കന്ദമാല്‍ കലാപം കൂടുതല്‍ തീവ്രമായ ഗ്രാമങ്ങളിലാണ് വൈദികാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്തിയതെന്ന് നേതൃത്വം നല്‍കിയ ഫാ. ഫ്ളോറന്‍സ് റാണാസിംഗ് പറഞ്ഞു. കൂട്ടക്കൊലയുടെയും ഭീഷണിയുടെയും പീഡനങ്ങളുടെയും മധ്യേ ക്രിസ്തുവിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത കന്ദമാലിലെ വിശ്വാസികളുടെ ധൈര്യവും തീക്ഷ്ണതയും വൈദികാര്‍ത്ഥികള്‍ക്കു വലിയ പ്രചോദനമായെന്ന് ഫാ. ഫ്ളോറന്‍സ് സൂചിപ്പിച്ചു. കന്ദമാലിലേക്കു കടന്നുവന്ന് തങ്ങളോട് ഐക്യദാര്‍ഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് കലാപത്തെ അതിജീവിച്ച ടിയാന്‍ഗിയ ഗ്രാമത്തിലെ ഡൊമിനിക് നായക് വ്യക്തമാക്കി. കന്ദമാല്‍ കലാപത്തില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ടത് ടിയാന്‍ഗിയ ഗ്രാമത്തിലായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org