“കന്ദമാലിലെ അവിശ്വസനീയ സാക്ഷി” പ്രകാശനം ചെയ്തു

പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കര രചിച്ച "കന്ദമാലിലെ അവിശ്വസനീയ സാക്ഷി" എന്ന ഗ്രന്ഥം ഇന്‍ഡോറില്‍ നടന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രകാശനം ചെയ്തു. ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ലിയോ കൊര്‍ണേലിയോ, ഇന്‍ഡോര്‍ ബിഷപ് ചാക്കോ തോട്ടു മാരിയ്ക്കല്‍ എന്നിവര്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ആന്‍റോ അക്കര രചിച്ച "21-ാം നൂറ്റാണ്ടിലെ ആദിമക്രൈസ്തവര്‍" എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്‍റെ ഹിന്ദി പരിഭാഷയാണ് പ്രകാശനം ചെയ്തത്. ഫാ. ആനന്ദ് ഐഎംഎസ് ആണു ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. ഒറീസയിലെ കന്ദമാലില്‍ 2008-ല്‍ നടന്ന ക്രൈസ്തവ പീഡനത്തില്‍ നൂറോളം ക്രിസ്ത്യാനികള്‍ രക്തസാക്ഷിത്വം വരിച്ചതിന്‍റെ യഥാര്‍ത്ഥ ചിത്രം ആന്‍റോ അക്കര പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയാണെന്ന് പ്രകാശനവേളയില്‍ ബിഷപ് ചാക്കോ തോട്ടു മാരിയ്ക്കല്‍ പറഞ്ഞു. കന്ദമാലിലെ ക്രൈസ്തവരുടെ ആശ്ചര്യജനകമായ സാക്ഷ്യം പ്രചോദനാത്മകവും പ്രോത്സാഹജനകവുമാണെന്നും ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ പറഞ്ഞു. ക്രിസ്തുവിനു വേണ്ടി മരിക്കാന്‍ സന്നദ്ധരായ നിരവധി പേര്‍ രക്തസാക്ഷികളായി. സാധാരണക്കാരായ കന്ദമാല്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നിന്നു. സമകാലീന ക്രൈസ്തവര്‍ക്ക് അവര്‍ മഹത്തായ മാതൃകയാണ് — ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. കന്ദമാലിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചുള്ള ഹിന്ദി പുസ്തകം ഉത്തരേന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ കന്ദമാലിന്‍റെ സന്ദേശം പ്രചരിപ്പിക്കാന്‍ സഹയാകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org