പീഡനങ്ങളില്‍ തളരാത്ത കന്ദമാലില്‍നിന്ന് നാലു പുരോഹിതര്‍ കൂടി

ക്രൈസ്തവ പീഡനങ്ങള്‍ അരങ്ങേറിയ ഒറീസയിലെ കന്ദമാലില്‍ വിശ്വാസത്തിന്‍റെ ദീപം ജ്വലിപ്പിച്ച് നാലു ഡീക്കന്മാര്‍ പുരോഹിതരായി അഭിഷിക്തരായി. ഫാ. ഡിബു രഞ്ചന്‍, ഫാ. ദീപക് ഉത്തംസിംഗ്, ഫാ. ആനന്ദ് ഉത്തംസിംഗ്, ഫാ. അക്യ സേനാപതി എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. 2008 കന്ദമാല്‍ കലാപത്തില്‍ അഗ്നിക്കിരയാക്കപ്പെട്ട ബാമിനിഗം ഔവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ചാണ് പട്ടദാന ശുശ്രൂഷ നടന്നത്. കഴിഞ്ഞ വര്‍ഷവും കന്ദമാലില്‍ നിന്നു നാലു പേര്‍ പൗരോഹിത്യം സ്വീകരിച്ചിരുന്നു. വര്‍ഗീയതയ്ക്കും അതിക്രമങ്ങള്‍ക്കും നടുവില്‍ അചഞ്ചലമായ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടാണ് കന്ദമാലില്‍ നിന്നു ദൈവവിളികളുണ്ടാകുന്നത്. പ്രതിസന്ധികളില്‍ പിന്മാറാതെ ക്രിസ്തുവിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറാകുന്ന വിശ്വാസം കൈവിടാത്ത തലമുറയെയാണ് ഈ പുരോഹിതരിലൂടെ കന്ദമാലിലെ സഭ അവതരിപ്പിക്കു ന്നത്.

ആയിരക്കണക്കിനു വിശ്വാസികളും അനേകം വൈദികരും അഭിഷേക ചടങ്ങുകളില്‍ പങ്കെടുത്തു. അതിനിടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫാ. ഡിബു രഞ്ചന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു പതിനെട്ടു പേര്‍ മരണമടഞ്ഞത് ചടങ്ങുകളെ ദുഃഖസാന്ദ്രമാക്കി. തന്‍റെ പ്രഥമ ബലിയര്‍പ്പണം മരണ മടഞ്ഞ ബന്ധുക്കള്‍ക്കായി സമര്‍പ്പിക്കുന്നതായി ഫാ. രഞ്ചന്‍ പറഞ്ഞു. 2008-ല്‍ കന്ദമാല്‍ കലാപത്തിന്‍റെ കാലത്ത് വനത്തിനുള്ളില്‍ കഴിച്ചു കൂട്ടിയ ആയിരങ്ങളില്‍ ഒരുവനാണു താനെന്നും പീഡനങ്ങള്‍ തന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. സ്വാമി ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെട്ടാണ് കന്ദമാലില്‍ ക്രൈസ്തവര്‍ക്കു നേരെ വ്യാപകമായ അതിക്രമങ്ങള്‍ ഹിന്ദു മതമൗലിവാദികള്‍ അഴിച്ചു വിട്ടത്. കലാപത്തില്‍ നൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മൂന്നോറോളം ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുകയും ആയിരക്കണക്കിനു വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. അമ്പതിനായിരത്തിലധികം പേര്‍ക്കു വനാന്തരങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org